Home » വാർത്തകൾ » സിനിമ പ്രദാനംചെയ്യുന്നത് പല ജീവിതങ്ങള്‍ ജീവിച്ച അനുഭവം: അടൂര്‍. രശ്മി ചലച്ചിത്രോത്സവത്തിന് മലപ്പുറത്ത് തുടക്കം

സിനിമ പ്രദാനംചെയ്യുന്നത് പല ജീവിതങ്ങള്‍ ജീവിച്ച അനുഭവം: അടൂര്‍. രശ്മി ചലച്ചിത്രോത്സവത്തിന് മലപ്പുറത്ത് തുടക്കം

മലപ്പുറത്തിന് കാഴ്ചയുടെ പുതുവസന്തംതീര്‍ത്ത് രശ്മി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കം. ഇനി രണ്ടുനാള്‍ ആസ്വാദകര്‍ക്ക് ലോകോത്തരസിനിമകളില്‍ അഭിരമിക്കാം.

76-മത് രശ്മി രാജ്യാന്തര ചലച്ചിത്രോത്സവം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. അനേകം ജീവിതങ്ങള്‍ ജീവിച്ച അനുഭവമാണ് സിനിമ പ്രദാനംചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാനസികോല്ലാസമുണ്ടാക്കല്‍ മാത്രമല്ല, ലോകത്തെ ജനം എങ്ങനെ ജീവിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ലോകസിനിമകളിലൂടെ സാധിക്കും. എല്ലാത്തിനുമുപരിയായി നമ്മെത്തെന്നെ മനസ്സിലാക്കാനും ഇതുപകരിക്കും- മറ്റ് കലാസാഹിത്യപ്രവര്‍ത്തനങ്ങളെപ്പോലെ സിനിമാപ്രവര്‍ത്തനവും ഒരു സാംസ്കാരികപ്രവര്‍ത്തനമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന, രശ്മി ഫിലിം സൊസൈറ്റിയുടെ എഴുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനാണ് മലപ്പുറം ആനന്ദ് തിയറ്ററില്‍ തുടക്കമായത്. മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷനായി. പി ഉബൈദുള്ള എംഎല്‍എ അടൂര്‍ ഗോപാലകൃഷ്ണനെ പൊന്നാട അണിയിച്ചു. അടൂരിന് പൗരാവലിയുടെ ആദരഫലകം നഗരസഭാ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല സമ്മാനിച്ചു. ചലച്ചിത്രോത്സവത്തിന്‍റെ സിഗ്നേച്ചര്‍ ഫിലിം പ്രകാശനം സംവിധായകന്‍ സഞ്ജു സുരേന്ദ്രനും ചലച്ചിത്രോത്സവപ്പതിപ്പ് പ്രകാശനം ചലച്ചിത്ര നിരൂപകന്‍ എ മീരാസാഹിബും നിര്‍വഹിച്ചു.

സഞ്ജു സുരേന്ദ്രന്‍റെ ഏദന്‍: കാമനകളുടെ ഉദ്യാനം ഉദ്ഘാടന ചിത്രമായി.

ശനിയാഴ്ച രാവിലെ 9.30 നാലുപെണ്ണുങ്ങള്‍, 11.30- ലൗലെസ്സ്, 2- അന, മോണ്‍ അമോര്‍, 5.30- നെരൂദ, 7.30- 120 ബിപിഎം ബീറ്റ്സ് പെര്‍ മിനിട്ട് എന്നിവ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 4.30ന് സ്ത്രീയും സിനിമയും എന്ന വിഷയത്തെ അധികരിച്ച് ഓപ്പണ്‍ ഫോറവുമുണ്ടാകും.

Leave a Reply