Home » വാർത്തകൾ » മുലയൂട്ടലിന്റെ കോർപറേറ്റ് യുക്തി

മുലയൂട്ടലിന്റെ കോർപറേറ്റ് യുക്തി

അഖിൽ നാസ്തികൻ

വനിതാ ദിനത്തോട് അനുബന്ധിച്ച് ഗൃഹലക്ഷ്മി അവതരിപ്പിച്ച കവർഫോട്ടോയും അവർ നടത്തുന്ന ക്യാമ്പയിനെയും പിന്തുണക്കുന്നു. വ്യവസ്ഥാപിതമായ രീതികൾക്കപ്പുറത്തേക്കു കടന്നു ചെന്ന് സോഷ്യൽ മീഡിയയിലടക്കം തുടങ്ങിവച്ച ഇത്തരം വിപ്ലവകരമായ ക്യാമ്പയിൻ മലയാളികളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ തീരുമാനമെടുത്ത ഗൃഹലക്ഷ്മിയിലെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

ഇത്തരം ഒരു ചിന്തയും ഫോട്ടോയും ഞാൻ നവ മാധ്യമത്തിൽ ആദ്യമായി കാണുന്നത് കസ്തൂരിയുടെ മുലയൂട്ടുന്ന ഒരു ഫോട്ടോയാണ് മാതൃത്വത്തിന്റെ വല്ലാത്ത ഒരു മനോഹാരിത ഉണ്ടായിരുന്നു ആ ചിത്രത്തിന്. പിന്നീടാണ് അമ്യത.യൂ വിന്റെ ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ കാണുന്നത്. പൊതുസ്ഥലത്ത് മുലയൂട്ടാൻ അമ്മമാർ പെടുന്ന ബുദ്ധിമുട്ടും സദാചര പ്രശ്നങ്ങളുമെല്ലാം കൃത്യമായി അമ്യത ആ കുറിപ്പിൽ പറഞ്ഞിരുന്നു.

വിദേശ രാജ്യങ്ങളില്‍ പാര്‍ലമെന്റില്‍ ഇരുന്ന് വരെ മുലയൂട്ടുന്നു. കേരളത്തിലെ അമ്മമാര്‍ക്ക് യാത്രാ വേളകളിലും മറ്റും തുറിച്ചു നോക്കുന്ന പുരുഷന്മാര്‍ക്ക് മുന്നില്‍ മറച്ച് വെച്ച് മുലയൂട്ടേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പലപ്പോഴും ആലോചിക്കേണ്ടി വന്നിട്ടിട്ടുണ്ട്. എന്നാലും കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്നു പറയുന്ന ഈ നാട്ടിൽ നിന്ന് ഈ ക്യാമ്പയിൻ എറ്റെടുക്കാൻ ആളുകൾ ഉണ്ടായി എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു

ഇപ്പോ അവസാനം ഗിലു ജോസഫിന്റെ ചിത്രവും. പക്ഷേ ആദ്യ രണ്ട് ചിത്രത്തിൽ കാണാത്ത ഒന്ന് ഗിലുവിന്റെ ചിത്രത്തിൽ മുഴച്ചു നിൽക്കുന്നു, വേറേ ഒന്നും അല്ല ഒരു സിന്ദൂര ഡപ്പി മൊത്തം ഉണ്ട് നെറ്റിയിൽ. ഒരു അമ്മയേ അവതരിപ്പിക്കുമ്പോ സിന്ദൂര ഡപ്പിക്ക് ഇത്ര സ്വാധീനം ഉണ്ടോ എന്ന് തോന്നിപ്പോയി ആ ചിത്രം കണ്ടപ്പോൾ. ഒരു ഐഡിയൽ അമ്മ വെളുത്ത് പൊട്ടും സിന്ദൂരവും ഒക്കെ വെച്ചിട്ടാണ് എന്നാണോ അല്ലങ്കിൽ അത് സ്ഥാപിക്കലാണോ ഗൃഹലക്ഷ്മി ചെയ്യുന്നത് അതോ ഇതിനെയും ഒരു കച്ചവടമാക്കാമെന്ന കോർപറേറ്റ് യുക്തിയോ ? അതല്ല ജോലി ചെയ്ത വിയർപ്പോടെ മുലയൂട്ടുന്ന ഒരു അമ്മയും കുഞ്ഞും ഇല്ലാത്തതുകൊണ്ടാണോ ഒരു പാട് അമ്മമാർ വായിക്കുന്ന ഗൃഹലക്ഷ്മി അമ്മയാവാത്ത ഒരു മോഡലിനെ ഇത്രയും മനോഹരമായ സാമൂഹിക പ്രസക്തിയുള്ള കോൺസപ്റ്റ് അവതരിപ്പിക്കാൻ വേണ്ടി വന്നത് എന്ന ചോദ്യവും ബാക്കി.

Leave a Reply