Home » ആരോഗ്യം » ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി കോഴിക്കോട് കോര്‍പറേഷന്‍

ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി കോഴിക്കോട് കോര്‍പറേഷന്‍

കോര്‍പറേഷന്‍ പ്രദേശത്ത് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബേക്കറികളിലും മറ്റ് ഭക്ഷ്യ സംസ്‌കരണ യുണിറ്റുകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ നല്‍കിയ തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് ഹാജരാകാത്ത സ്ഥാപനങ്ങളുടെ വ്യാപാര ലൈസന്‍സ് പുതുക്കി നല്‍കില്ല. ഈ മാസം 31-നകം കാര്‍ഡ് ഹാജരാക്കാനാണ് ഉത്തരവ്. കോര്‍പറേഷന്‍ പ്രദേശത്തെ ഭക്ഷ്യവ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.

നഗരത്തിലെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബേക്കറികളിലും ഭക്ഷണം പാകം ചെയ്യുന്നവരിലും വിതരണം ചെയ്യുന്നവരിലുമെല്ലാം വലിയൊരു വിഭാഗം ഉത്തരേന്ത്യന്‍ തൊഴിലാളികളാണ്. ചെറുകിട ഹോട്ടലുകള്‍ മുതല്‍ വന്‍കിട ഹോട്ടലുകളില്‍ വരെ ബംഗാളുകാരും നേപ്പാളുകാരുമെല്ലാമാണ് ഭക്ഷണ രംഗത്ത് ജോലിയില്‍ ഏര്‍പ്പെട്ടവര്‍. ഇവരില്‍ മിക്ക ആളുകള്‍ക്കും വേണ്ടത്ര ശുചിത്വമില്ല. പലതരം രോഗങ്ങള്‍ ബാധിച്ചവരും ഇക്കൂട്ടത്തിലുണ്ട്. സാംക്രമിക രോഗം പിടിപെട്ടവരും ഉണ്ട്. എന്നാല്‍ ഇതൊന്നും കട നടത്തുന്ന വ്യാപാരികള്‍ അറിയില്ല. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് ഇവര്‍ രോഗങ്ങള്‍ സമ്മാനിക്കുന്നു. ഇതു ഒഴിവാക്കുന്നതിനാണ് നടപടികള്‍ കര്‍ക്കശമാക്കിയിട്ടുള്ളത്. ഇതുവരെ കോര്‍പറേഷനില്‍ ഏതെങ്കിലൂം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഹെല്‍ത്ത് കാര്‍ഡ് കിട്ടുമായിരുന്നു.ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റില്‍ രക്തപരിശോധന ഫലം ഉള്‍പ്പെടുത്തിയിരുന്നില്ല.

ഹെപപ്പറ്റെറ്റിസ് ബി പോലുള്ള അസുഖങ്ങള്‍ കണ്ടെത്താന്‍ രക്തപരിശോധന നിര്‍ബന്ധമാണ്. ഏതെങ്കിലൂം ഡോക്ടര്‍മാര്‍ക്ക് പണം നല്‍കി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരുന്ന രീതി ഇതോടെ ഇല്ലാതായി. കോര്‍പറേഷനിലെ ഹെല്‍ത്ത് ഓഫീസര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയശേഷമാണ് കാര്‍ഡ് നല്‍കുന്നത്. ഇതിന് രക്ത പരിശോധന, ഹെപ്പറ്റെറ്റിസ് ബി, മൂത്രം എന്നിവയുടെ ലബോറട്ടറി പരിശോധനാ ഫലംകൂടി ഹാരാക്കണം. ഇത്തരം ആളുകളെ ഹെല്‍ത്ത് ഓഫീസര്‍ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് കാര്‍ഡ് നല്‍കുക. പുഴുക്കുത്തുള്ള നഖമുള്ളവര്‍, മുടി നീട്ടിയവര്‍, വിരലുകള്‍ക്ക് ചൊറി ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. ഭക്ഷണം പാകം ചെയ്യുന്നവര്‍, വിളമ്പുന്നവര്‍ എന്നിവര്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഇവര്‍ നേരിട്ട് ഭക്ഷണവുമായി ഇടപെടുന്നവരാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ: ആര്‍.എസ് ഗോപകുമാര്‍ പറഞ്ഞു. ലബോറട്ടറി പരിശോധനയില്‍ ഹെപ്പറ്റെറ്റിസ് ബി ബാധിച്ച 13 പേര്‍ക്ക് ഇതിനകം ഹെല്‍ത്ത് കാര്‍ഡ് നിഷേധിച്ചിട്ടുണ്ട്. ഇതുവരെ 3000 തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇനി 2000 പേര്‍കൂടി ഉണ്ടാവുമെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫോട്ടോ പതിച്ച ഹെല്‍ത്ത് കാര്‍ഡാണ് നല്‍കുന്നത്. മാര്‍ച്ച് 31-നകം എല്ലാ ഹോട്ടലുകാരോടും ബേക്കറി ഉടമകളോടും തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഡ് ഹാജരാക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് പതുക്കി നല്‍കില്ല. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതില്‍ വ്യാപാരി വ്യവസായ സംഘടനകള്‍ എതിര്‍പ്പുപ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്ക്കേണ്ടതില്ലെന്നാണ് ഹെല്‍ത്ത് വിഭാഗത്തിന്റെ തീരുമാനം.

Leave a Reply