സാഹിത്യ സംവാദങ്ങള്‍ക്കും ചിന്തകള്‍ക്കും പുതിയ ആശയങ്ങള്‍ക്കും വേദിതുറന്നിട്ട് ലോകത്തെ പ്രശസ്തമായ സാഹിത്യോത്സവങ്ങളുടെ മാതൃകയിൽ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ വേദി എഴുത്തോലയില്‍ എഴുത്തുകാരായ എം ടി വാസുദേവന്‍ നായര്‍, പ്രതിഭാറായ്, ഗീതാ ഹരിഹരന്, മന്ത്രി കെ സി ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ കമ്മിറ്റി കെ സച്ചിദാനന്ദന് അധ്യക്ഷതവഹിച്ചു.
രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയും സാഹിത്യലോകത്തിനേല്ക്കുന്ന മുറിവുകളും തുടങ്ങി ചൂടേറിയ ചര്‍ച്ചകള്‍ക്കും പുതിയ ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും സാഹിത്യലോകം സാക്ഷ്യം വഹിക്കുന്ന എഴുത്തുത്സവത്തിന്റെ മൂന്നു നാളുകള്‍.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ പലതും വാർഷിക സാഹിത്യാത്സവങ്ങൾക്ക് വേദിയാവുമ്പോൾ നൂറ് ശതമാനം സാക്ഷരത കൈവരിച്ച കേരളത്തിനും ഒരു വാര്‍ഷിക സാഹിത്യോത്സവം എന്ന ചിന്തയിൽ നിന്നാണ് കേരള സാഹിത്യോത്സവത്തിന് തുടക്കമാകുന്നത്.
രാജ്യാന്തര നിലവാരത്തിൽ നടത്തുന്ന ഫെസ്റ്റിവലിന് വേദിയാകുന്നത് കോഴിക്കോട് ബീച്ച് പരിസരമാണ്. ഒരു സാഹിത്യോത്സവം എന്തെല്ലാമായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെയാണ് ലിറ്ററേച്ചർ ഫെസ്റ്റിവലിന് രൂപം നല്‍കിയതെന്ന് ഫെസ്റ്റ് ഡയറക്ടറായ കെ സച്ചിദാനന്ദൻ പറയുന്നു. ഭിന്നരുചികളായ വായനക്കാരുടെ ഒത്തുകൂടൽ, പല തലങ്ങളിൽ പല വിധങ്ങളിൽ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ പരസ്പര സംവാദവും സഹൃദയരുമായുള്ള സംഭാഷണവും, പുസ്തകങ്ങളുടെ അവതരണവും ചർച്ചയും. ആശയങ്ങളുടെ സംഘർഷണസമന്വയങ്ങൾ, സമകാലീന സാഹിത്യപ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും വിലയിരുത്തൽ, സാഹിത്യത്തിന്റെ വർത്തമാന-ഭാവികളെക്കുറിച്ചുള്ള പ്രത്യാശകളും ആശങ്കകളും, മലയാളഭാഷയുടെ നിലനില്‍പ്പിനും വികാസത്തിനുമായുള്ള ഉള്ളുതുറന്ന ആലോചനകൾ, എഴുത്തിലെ പല തലമുറകൾ തമ്മിലുള്ള ആശയ കൈമാറ്റങ്ങൾ, ഇതര സാഹിത്യങ്ങളുമായുള്ള താരതമ്യങ്ങളും സംവാദങ്ങളും, പരിഭാഷയുടെ ശാസ്ത്രവും പ്രത്യയ ശാസ്ത്രവും സ്വാധീനവും പ്രധാന്യവും, നവീനതയ്ക്കായുള്ള തുറന്ന അന്വേഷണങ്ങൾ, കഥ, നോവൽ, കവിത, നാടകം,സിനിമ, വിമർശനം, വിജ്ഞാനം ഇവയുടെ പാരമ്പര്യങ്ങളും ആധുനിക മുന്നേറ്റങ്ങളും മുൻനിർത്തിയുള്ള ചർച്ചകൾ. ഒപ്പം കലയും സംഗീതവും സമൃദ്ധമാക്കുന്ന സായാഹ്നങ്ങൾ. തുടങ്ങി വിനോദവും വിജ്ഞാനവും സൗഹൃദവും പകരുന്ന നാലു ദിനങ്ങളാണ് സാമൂതിരിയുടെ നാട്ടിൽ അരങ്ങേറാനിരിക്കുന്നത്.
ഡിടിപിസിയുടെ സ്ഥലത്ത് പ്രശസ്ത ശില്പിയും കൊച്ചി മുസിരിസ് ബിനാലെ കോർഡിനേറ്ററുമായ റിയാസ് കോമു രൂപകല്പന ചെയ്യുന്ന അഞ്ച് പവലിയനുകളിലായിട്ടാണ് ഫെസ്റ്റ് നടക്കുക.
തസ്ലിമ നസ്റിൻ, അശോക് വാജ്പെയ്, പ്രതിഭ റോയ്, ഗീത ഹരിഹരൻ, രാമകൃഷ്ണ കമ്പാർ, എം ടി വാസുദേവൻ നായർ, എം മുകുന്ദൻ തുടങ്ങി രാജ്യത്തിനകത്തും പുറത്തുനിന്നുമായി 130 പ്രമുഖ സാഹിത്യപ്രതിഭകൾ സാഹിത്യോത്സവത്തിൽ പങ്കെടുക്കും.
പുസ്തകോത്സവമോ പുസ്തക പ്രദർശനമോ ഇല്ലാതെ, പ്രിയപ്പെട്ട എഴുത്തുകാരുമായി വായനക്കാർക്കും സാഹിത്യതത്പരർക്കും ആശയവിനിമയം നടത്താനുള്ള വേദിയായിരിക്കും ഇത്. വിവിധ വിഷയങ്ങളെ മുൻനിർത്തി സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സെമിനാറുകളും സംവാദങ്ങളും കെഎഫ്എല്ലിൽ സംഘടിപ്പിക്കും. സാഹിത്യകാരന്മാർക്കു പുറമെ സിനിമാ താരങ്ങളും പ്രമുഖ പെർഫോമിംഗ് ആർടിസ്റ്റുകളും ഫെസ്റ്റിൽ പങ്കെടുക്കും.
ഫെബ്രുവരി നാലിന് വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടു കൂടി സാഹിത്യാത്സവത്തിന് തിരി തെളിയും. എഴുത്തോല, വെള്ളിത്തിര, തൂലിക, അക്ഷരം എന്നിങ്ങനെ പേരിട്ടിരിക്കുന്ന നാല് വേദികളിലായിട്ടാണ് മൂന്ന് ദിവസം പരിപാടികള്‍ അരങ്ങേറുക. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെസി ജോസഫ് എന്നിവരും പ്രമുഖ എഴുത്തുകാരായ എംടി വാസുദേവന്‍ നായര്‍, പ്രതിഭാ റായ്, ഗീതാ ഹരിഹരന് എന്നിവരും എംപി വീരേന്ദ്ര കുമാര്‍ അടക്കമുള്ള പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന ശേഷം വേദി എഴുത്തോലയില്‍ ‘ദുഷ്കാലങ്ങളിലെ സാഹിത്യം’ എന്ന വിഷയത്തിനെ അടിസ്ഥാനമാക്കി സംവാദ പരിപാടി അരങ്ങേറും. വേദി തൂലികയില്‍ രാത്രി ഏഴ് മണിമുതല്‍ 8.30 വരെ ആത്മീയതയും സംസ്കാരവും എന്ന വിഷയത്തിലായിരിക്കും സംവാദ പരിപാടി. വേദി അക്ഷരത്തില്‍ രാത്രി ആറ് മണി മുതല്‍ ഏഴ് മണി വരെ പ്രസിദ്ധ ഫുഡ് ബ്ലോഗറും ഗ്രന്ഥകാരിയുമായ മരിയ ഗൊഗേറിയുടെ പാചകോത്സവവും അരങ്ങേറും.
ആദ്യ ദിനം(05-02-2016)
എഴുത്തോല, വെള്ളിത്തിര, തൂലിക, അക്ഷരം എന്നിങ്ങനെ പേരിട്ടിരിക്കുന്ന നാല് വേദികളിലായി രാവിലെ 9.15 മുതല്‍ രാത്രി 9 മണി വരെ നീണ്ടു നില്ക്കുന്ന പരിപാടികളാണ് സാഹിത്യോത്സവത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി അഞ്ചിന് അരങ്ങേറുന്നത്. എഴുത്തോലയില്‍ നോവല്‍ ഇന്ന്, കാവ്യാഞ്ജലി, ഫെമിനിസ്റ്റ് റൈറ്റിംഗ് ഇന്‍ ഇന്ത്യ, ആശയ രൂപികരണവും സമരങ്ങളും സാമൂഹ്യ മാധ്യമങ്ങളും, ആത്മീയതയും സാഹിത്യവും, കണ്വെക്ഷണലിസം ആന്റ് കര്‍ണാടിക് മ്യൂസിക്, സംഗീത കച്ചേരി, ട്രിപ്പിള്‍ തായമ്പക എന്നീ പരിപാടികളാണ് ആദ്യ ദിനം നടക്കുക. വെള്ളിത്തിരയില്‍ 9.30 മുതല്‍ 11.30 വരെ സുനന്ദരരമാസ്വാമിയെ കുറിച്ച് ആര് വി രമണി സംവിധാനം ചെയ്ത നീ യാര് എന്ന ഡോക്യുമെന്ററി പ്രദര്‍ശനം ഉണ്ടായിരിക്കും. രവി സുബ്രഹ്മണ്യത്തിന്റെ ദി റൈറ്റര്‍ വു എക്സ്റ്റെന്റഡ് ബൗണ്ടറീസ്, കെ ആര് മോഹനന്റെ പുരുഷാര്‍ത്ഥം(1986), എം പി സുകുമാരന്‍ നായരുടെ ശയനം(2000) എന്നിവ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് കെ ആര് മോഹനന് എംപി സുകുമാരന്‍ എന്നിവരുമായി മുഖാമുഖം പരിപാടിയും അരങ്ങേറും. ദസ്തയോവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിനെ അടിസ്ഥാനമാക്കി റഷ്യന്‍ ചലച്ചിത്രകാരന് ലേവ് കുലിഡസ്നോവ് ഒരുക്കിയ സിനിമയുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. വേദി തൂലികയില്‍ പ്രഭാത ഗീതം, മതം സംസ്കാരം പ്രതിരോധം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധി, മലയാളത്തിന്റെ വര്‍ത്തമാനവും ഭാവിയും, തുടങ്ങിയ വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സംവാദവും ഭാഷയും അനുഭവവും എന്ന വിഷയത്തില്‍ എംടി വാസുദേവന്‍ നായരും സാറാ ജോസഫും പങ്കെടുക്കുന്ന മുഖാമുഖം പരിപാടി. വുമണ്‍സ് ലിറ്ററേച്ചര്‍ ഇന്‍ സൊസൈറ്റി എന്ന വിഷയത്തില്‍ കെ ആര് മീരയും അനിത നായരും സംസാരിക്കുകയും ചെയ്യും.
വേദി അക്ഷരത്തില്‍ കഥയിലെ ഞാന്‍ എന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ടി പത്മനാഭന് കെ ആര് മീര എന്നിവരുടെ മുഖാമുഖം. കവിതയും പരിസ്ഥിതിയും, കവിതയുടെ രാഷ്ട്രീയം, എന്നീ വിഷയങ്ങളില്‍ സംവാദം നടക്കും. ശബ്ദത്തിലെ ലിംഗഭേദങ്ങള്‍ എന്ന വിഷയത്തില്‍ ഭാഗ്യലക്ഷ്മിയും ദീദി ദാമോദരനും പങ്കെടുക്കുന്ന മുഖാമുഖം പ്രശസ്ത പാചക വിദഗ്ദന് നൗഷാദിന്റെ പാചകോത്സവം എന്നിവയും പ്രശസ്ത മലയാളം കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും മേളയുടെ ആദ്യ ദിനം സംഘടിപ്പിക്കുന്നുണ്ട്.
രണ്ടാം ദിനം
വേദി എഴുത്തോലയില്‍ സ്ത്രീ സമൂഹം സാഹിത്യം, ദളിത് സാഹിത്യം ചരിത്രവും വര്‍ത്തമാനവും, നിരൂപണമില്ലാത്ത സാഹിത്യം, എന്നീ വിഷയങ്ങളില്‍ സംവാദം നടക്കും. ശത്രുഘ്നന്‍ സിംഗ്ഹയും ഭാരതി പ്രധാനുമായി ദിപ ചൗധരി നടത്തുന്ന അഭിമുഖം, സാഹിത്യം പല ലോകങ്ങള്‍ പല കാലങ്ങള്‍ എന്ന വിഷയത്തില്‍ സച്ചിദാനന്ദനും പികെ രാജശേഖരനുമായി മുഖാമുഖം എന്നിവയും രണ്ടാം ദിവസം ഉണ്ടായിരിക്കും. രാജശ്രീ വാരിയരുടെ നൃത്താവതരണം. സൂഫി സംഗീത സന്ധ്യ, മലയാളി സ്ത്രീകളുടെ യാത്രകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും അരങ്ങേറും. ആദ്യ ദിനം അവസാനിക്കുന്നത് വേദി എഴുത്തോലയില്‍ പുഷ്പവതി. സുമതി മൂര്‍ത്തി, മഴ എന്നിവര്‍ അവതരിപ്പിക്കുന്ന പാട്ടിലൂടെയായിരിക്കും. രണ്ടാം ദിനം വേദി വെള്ളിത്തിരയില്‍ ഓണ്‍ നാരായണ്‍ സര്‍വ്വ്, പന്തിഭോജനം, മുറവിളി, എ ഫ്യൂ തിംഗ്സ് ഐ നോ എബൗട്ട് പേര്, കായാതരണ്, മാര്‍ഗ്ഗം, ആന്റ് ക്വയറ്റ് ഫ്ലോസ് ദ ഡോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
എഴുത്തിലെ ഞാന്‍, കഥയുടെ വര്‍ത്തമാനം, സ്ത്രീയും പുതുസമരങ്ങളും, കാട് നാട് സഞ്ചാരം എന്നീ വിഷയങ്ങളില്‍ സംവാദം നടക്കും. അസഹിഷ്ണുതയുടെ കാലത്തെ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ ശശികുമാര്‍, സിഎസ് വെങ്കിടേശ്വരന് എന്നിവരുടെ ചര്‍ച്ച, മാമുക്കോയയും താഹമാടായിയുമായി മുഖാമുഖവും അമ്പപ്പാട്ടും.
വേദി നാല് അക്ഷരത്തില്‍ സാഹിത്യ നിരൂപണം കൊലയോ മരണമോ എന്ന വിഷയത്തില്‍ സംവാദത്തോടെയാണ് രണ്ടാം ദിനം ആരംഭിക്കുന്നത്. കഥാവായന, കോണ്‍ഷ്യസ്നസ് ഓഫ് ദി ഇന്ത്യന്‍ റിലീജിയന്‍ ആന്റ് ദി സൂയിസൈഡ് ഓഫ് രോഹിത്ത് വെമുല, ഫിലിം മെയ്ക്കിംഗ് ആസ് എ പൊളിറ്റിക്കല്‍ ആക്ട്, വണ്‍ ആക്ട് പ്ലേ, ഉമ്മി അബ്ദുള്ള നയിക്കുന്ന പാചകോത്സവം, കഥയരങ്ങ് എന്നിവയാണ് വേദി തൂലികയില്‍ രണ്ടാം ദിനം അരങ്ങേറുക.
മൂന്നാം ദിനം
സാഹിത്യോത്സവത്തിന്റെ മൂന്നാം ദിനവും അവസാന ദിനവും നാല് വേദികളിലുമായി നിരവധി പരിപാടികളാണുള്ളത്. എഴുത്തോലയില്‍ കണ്ടംപററി ഇന്ത്യന്‍ പോയട്രി, നാടകം എവിടെ, ലിംഗസമത്വവും മലയാളി സമൂഹവും, മാധ്യമങ്ങളുടെ വര്‍ത്തമാനം ചലച്ചിത്രം-കാഴ്ചയുടെ കാലഘട്ടത്തില്‍ ചിത്രം ശില്പം സമൂഹം, തുടങ്ങിയ വിഷയത്തില്‍ സംവാദം എന്നിവയുണ്ടാകും. വൈകിട്ട് ആറുമണി മുതല്‍ സമാപന സമ്മേളനവും അതിന് ശേഷം ഗാനസന്ധ്യയും സംഗീതമപിസാഹിത്യവും ഉണ്ടാകും.
വേദി വെള്ളിത്തിരയില്‍ ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി, കെജി ജയന്റെ ചെന്നിക്കുത്ത്, മേതില്‍ രാധാകൃഷ്ണന് കെ ഗോപിനാഥന്, കുമരനെല്ലൂരിലെ കുളങ്ങള്‍, ഗുലാബി ടാക്കീസ്, മതിലുകള്‍ എന്നിവയാണ് അവസാന ദിനം അരങ്ങേറുക.
വേദി തൂലികയില്‍ എന്റെ നോവല്‍ സങ്കല്പം, എഴുത്തും വരയും, ഔവര്‍ സിനിമ ആന്റ് ദെയര്‍ സിനിമ, വിവര്‍ത്തനത്തിന്റെ സംസ്കാരം എന്നീ വിഷയങ്ങളില്‍ സംവാദം, ടി പത്മനാഭനും എംഎ ബേബിയുമായി മുഖാമുഖം എന്നിവയാണ് അവസാന ദിവസം അരങ്ങേറുക.
അക്ഷരം വേദിയില്‍ വേറിട്ട കാഴ്ച വേറിട്ട വാര്‍ത്ത: സമകാലിക ദൃശ്യമാധ്യമ സംസ്കാരം, നെയ്ബര്‍ഹുഡ്സ് ദി ഡിസ്റ്റസ് ആന്റ് നിയര്‍നെസ്സ്, രോഗവും സര്‍ഗ്ഗാത്മകതയും എന്നീ വിഷയത്തില്‍ സംവാദം ഉണ്ടാകും. വു ഈസ് അഫ്രൈഡ് ഓഫ് വേര്‍ഡ്സ് എന്ന വിഷയത്തില്‍ അശോക് വാജ്പയ്, കെ സത്ചിതാനന്ദന് എന്നിവര്‍ സംസാരിക്കും. ഫായിസാ മൂസയുടെ നേതൃത്വത്തിലുള്ള പാചകോത്സവത്തോടെ ലിറ്റററി ഫെസ്റ്റിവലിന്റെ നാലാം വേദിയിലെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.