Home » നമ്മുടെ മലപ്പുറം » ‘സാർ പത്താം തരമാണ് ഞങ്ങൾക്ക് പരീക്ഷയെഴുതണം’ ജില്ലാ കളക്ടർക്ക് വിദ്യാർത്ഥിനിയുടെ കത്ത്

‘സാർ പത്താം തരമാണ് ഞങ്ങൾക്ക് പരീക്ഷയെഴുതണം’ ജില്ലാ കളക്ടർക്ക് വിദ്യാർത്ഥിനിയുടെ കത്ത്

ബഹുമാനപ്പെട്ട മലപ്പുറം കളക്ടർ സാറിന്,

ഞാൻ മഞ്ചേരി ഗവ:ബോയ്സ്. എച്ച് . എസ് . എസിലെ പത്താംതരം വിദ്യാർത്ഥിനിയാണ്. പരീക്ഷ തുടങ്ങിയിരിക്കുന്ന ഈ വൈകിയ വേളയിൽ എനിയ്ക്കും കൂട്ടുകാർക്കും അനുഭവപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ചില ബുദ്ധിമുട്ടുകൾ അറിയിക്കട്ടെ .
റോഡ് പുതുക്കിപ്പണിയുന്നതിന്റെയും വീതി കൂട്ടുന്നതിന്റെയും ഭാഗമായി ഞങ്ങളുടെ സ്കൂളിന്റെ മെയിൻ ഗേറ്റിന് തൊട്ടു മുന്നിലായി ഒരു മീറ്ററോളം ആഴത്തിൽ ഒരു കിടങ്ങ് കുഴിച്ചിട്ടുണ്ട് ..അധികൃതർ യാതൊരു മുന്നറിയിപ്പും നല്കാതെയാണ് ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കിയതാണിത്. സ്കൂളിനുള്ളിലേക്കു കടക്കാനായി ഉറപ്പു കുറഞ്ഞ മെറ്റൽഷീറ്റ് മാത്രമാണ് ഉള്ളത്. എന്റെ കൂടെ പഠിക്കുന്ന അംഗവൈകല്യമുള്ള കൂട്ടുകാരെ സാധാരണയായി അവരുടെ ക്ലാസ് മുറിയുടെ തൊട്ടു മുന്നിൽ ഓട്ടോറിക്ഷയിൽ ഇറക്കുകയാണ് പതിവ്. എന്നാൽ ഈ അവസ്ഥ മൂലം വാഹനങ്ങൾ സ്കൂളിനകത്തേക്ക് കയറാതാവുകയും തന്മൂലം അവരെ ക്ലാസ് മുറി വരെ എടുത്തുകൊണ്ടു പോകേണ്ടി വരികയും ചെയ്യുന്നു. അടുക്കളയിലേക്കുള്ള ഭാരമേറിയ അരിച്ചാക്കുകളും മറ്റും തലച്ചുമടായി മുകളിലുള്ള അടുക്കളവരെ എത്തിക്കേണ്ട ഗതികേടിലാണ്. ഒന്നു രണ്ടു കുട്ടികൾക്കും, ഒരു ബൈക്കിനും അതോടിച്ചയാൾക്കും ഈ കിടങ്ങിൽ വീണ് പരുക്കു പറ്റിയിട്ടുണ്ട്. സ്കൂളിന്റെ ഹെഡ്മാസ്റ്റർ ,സിവിൽ എഞ്ചിനീയറോട് ഇക്കാര്യത്തെപ്പറ്റി സൂചിപ്പിച്ചുവെങ്കിലും യാതൊരു പുരോഗതിയും കാണാനായില്ലെന്നു മാത്രമല്ല ,ഏകദേശം ഒരു മാസത്തോളമായി ഈ ദുർഘടാവസ്ഥ തുടരുന്നുമുണ്ട് .
സ്കൂളിലേക്ക് മറ്റു ഗേറ്റുകൾ ഇല്ലാത്തതിനാൽ ഇത്രയും കുട്ടികൾക്ക് വന്നു പോകേണ്ട ഗേറ്റിന്റെ ഈ അവസ്ഥ പരിതാപകരം തന്നെയാണ് .ഒരു പൊതു പരീക്ഷയെഴുതാൻ വരുന്ന കുട്ടികളുടെ സുരക്ഷിതത്വവും ഇവിടെ ഓർമ്മപ്പെടുത്തട്ടെ .
ഒരു പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ഒരപേക്ഷ എന്ന നിലയിൽ ഇതിന്റെ ഗൗരവവും ആവശ്യകതയും മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കുമല്ലോ .
ഏറെ പ്രതീക്ഷയോടെ
സീനിയർ എസ്.പി. സി.കേഡറ്റ്
അപർണ .കെ .വി
8/03/2018
മഞ്ചേരി

Leave a Reply