Home » നമ്മുടെ കോഴിക്കോട് » കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ തെക്കൻ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടെന്നാണു അറിയിച്ചിരിക്കുന്നത്. ശ്രീലങ്ക–തമിഴ്നാട് തീരത്ത് രൂപപ്പെട്ട ന്യൂനമർദം ഇന്ന് ശക്തിയാർജിച്ച് പടിഞ്ഞാറേക്കു നീങ്ങും. കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാമെന്നും അറിയിപ്പുണ്ട്. അടുത്ത 36 മണിക്കൂർ ഈ മേഖലയിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കന്യാകുമാരിക്കു തെക്ക് ഒരു ന്യൂനമർദം രൂപപ്പെടുന്നുണ്ട്. നിലവിലെ പ്രവചന പ്രകാരം പടിഞ്ഞാറൻ ദിശയിൽ ലക്ഷദ്വീപിനു സമീപത്തേക്ക് അതു നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും. ഈ ന്യൂനമർദപാത്തിയുടെ നേരിട്ടുള്ള സ്വാധീന മേഖലയിൽ കേരളത്തിൽ നിന്നു മത്സ്യബന്ധനത്തിനു പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരം എന്നിവിടങ്ങളും ഉൾപ്പെടും. ഈ സാഹചര്യത്തിൽ അടുത്ത 36 മണിക്കൂർ കന്യാകുമാരി ഉൾക്കടല്‍, ശ്രീലങ്ക ഉൾക്കടൽ, ലക്ഷദ്വീപ് ഉൾക്കടൽ, തിരുവനന്തപുരം ഉൾക്കടൽ എന്നീ തെക്കന്‍ ഇന്ത്യൻ മേഖലയിൽ മത്സ്യബന്ധനം നടത്തരുത്– സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഏതാനും മാസം മുൻപ് സംസ്ഥാനത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടിരുന്നു. കടലിൽ കാണാതായ നൂറോളം പേരുടെ വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ഓഖി ആഞ്ഞടിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും സർക്കാർ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇപ്പോൾ ശക്തമായ കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ബന്ധപ്പെട്ടവർക്കു നൽകിയിരിക്കുന്നത്.

Leave a Reply