Home » നമ്മുടെ കോഴിക്കോട് » പട്ടിക ജാതി-പട്ടിക വര്‍ഗം, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിന്‌ ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

പട്ടിക ജാതി-പട്ടിക വര്‍ഗം, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിന്‌ ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

ജില്ലാ പഞ്ചായത്ത് 2018-2019 സാമ്പത്തിക വര്‍ഷത്തേക്കായി 139.54 കോടി രൂപയുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. 126.12 കോടി വരവും 134.87 കോടി രൂപ ചെലവും 4.67 കോടി രൂപയുടെ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്.

പട്ടിക ജാതി-പട്ടിക വര്‍ഗം, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിനാണ് ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. പട്ടികജാതി വികസനത്തിനായി 12.90 കോടി രൂപയും, പട്ടിക വര്‍ഗക്കാരുടെ വികസനത്തിനായി 1.05 കോടിയും വനിതാ വികസനത്തിനായി 3.70 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ബജറ്റ് മാത്രമാകുകയാണ് ത്രിതല പഞ്ചായത്തുകളെന്ന് ചര്‍ച്ചയില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അംഗം അഹമദ് പുന്നയ്ക്കല്‍ അഭിപ്രായപ്പെട്ടു. ലൈഫ് പോലുള്ള പദ്ധതികള്‍ക്കാണ് ത്രിതല പഞ്ചായത്ത് ബജറ്റില്‍ കൂടുതല്‍തുക മാറ്റി വെക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ഫണ്ട് നല്‍കി ത്രിതല പഞ്ചായത്തുകളെ നോക്കുകുത്തികളാകുയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.ഡി. ജോസഫ് അടക്കമുള്ളവര്‍ ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ചപ്പോള്‍ സര്‍ക്കാരുമായി കൈക്കോര്‍ത്താല്‍ കൂടുതല്‍ പദ്ധതികള്‍ ജനങ്ങളിലെക്കെത്തിക്കാമെന്ന് സാമ്പത്തിക കാര്യം സ്ഥിരംസമിതി അംഗം എ.കെ. ബാലന്‍ പറഞ്ഞു.

വനിതാവികസന വിഭാഗത്തില്‍ വനിതാ അധ്യാപകര്‍ക്ക് മേശ, കസേര എന്നിവയ്ക്കായി 15 ലക്ഷം രൂപ നീക്കിയിരുത്തിയതിനെ വനിതാ അംഗങ്ങള്‍ വിമര്‍ശിച്ചു. സ്‌കൂളുകളില്‍ അധ്യാപകര്‍ക്കാര്‍ക്കും മേശയും കസേരയും ഇല്ലാത്ത അവസ്ഥ കുറവാണ്. അതേസമയം പല സ്‌കൂളുകളിലും വനിതാ പ്രവര്‍ത്തകര്‍ക്കായി ആവശ്യത്തിന് ടോയ്ലറ്റ് ഇല്ലാത്ത അവസ്ഥയുണ്ടെന്നും വികസനകാര്യ സ്ഥിരം സമിതിഅംഗം അന്നമ്മ മാത്യു പറഞ്ഞു. ഈ തുക ഇത്തരത്തില്‍ മാറ്റി ചെലവഴിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കായി ഈ തുക ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അംഗം പി.ടി.എം. ഷറഫുന്നിസ അഭിപ്രായപ്പെട്ടു. അതേസമയം തുക ഇത്തരത്തില്‍ മാറ്റി ചെലവഴിക്കാന്‍ സാധിക്കില്ലെന്നും ടോയ്ലറ്റും മറ്റു സൗകര്യങ്ങള്‍ക്കായി ആവശ്യപ്പെട്ടാല്‍ അത് നിറവേറ്റാന്‍ തയ്യാറാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്കാട്ട് പദ്ധതികള്‍ അവതരിപ്പിച്ചു. വി. ജോസഫ്, തിരുവള്ളൂര്‍ മുരളി, എം.എ. ഗഫൂര്‍, ടി.കെ. രാജന്‍, ആര്‍. ബാലറാം, പി.ജി. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാന പദ്ധതികളും അനുവദിച്ച തുകയും:

നെല്‍ക്കൃഷി വ്യാപനം 63 ലക്ഷം

ക്ഷീരഗ്രാമം : 50 ലക്ഷം

പ്രാദേശിക സാമ്പത്തിക വികസനം 82 ലക്ഷം.

മത്സ്യബന്ധന മേഖല 30.50 ലക്ഷം

ബഡ്സ് സ്‌കൂള്‍ സഹായധനം: 50 ലക്ഷം

ഭിന്നലൈംഗികര്‍ക്ക് പരിശീലനം, ഉപകരണം-: മൂന്ന് ലക്ഷം

പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് വിദേശത്തൊഴില്‍ സഹായം പരിശീലനം- ഒരു കോടി

കോളനികളിലേക്ക് റോഡ് നിര്‍മാണം 3.45 കോടി

മള്‍ട്ടി പര്‍പ്പസ് വനിതാ ഹോസ്റ്റല്‍ 1.45 കോടി

എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകാഹാരം 30 ലക്ഷം

ലൈഫ് പാര്‍പ്പിടം 9.53 കോടി

Leave a Reply