Home » നമ്മുടെ കോഴിക്കോട് » കോഴിക്കോടിനോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മടങ്ങി

കോഴിക്കോടിനോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മടങ്ങി

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനായി കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.
ആയുര്‍വേദത്തിന്റെ പ്രചാരവും ഗുണനിലവാരവും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരമ്പര്യ ചികല്‍സാ രംഗത്ത് ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ പരിശീലന സ്ഥാപനങ്ങളും സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മോഡി ഉറപ്പ് നല്‍കി.
ആധുനിക ചികിത്സ രംഗം വളരുമ്പോഴും ഭീമമായ ചെലവ് വലിയ പ്രതിസന്ധിയാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ഇതടക്കം നിരവധി പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പാരമ്പര്യ ചികിത്സാ മേഖലയെ ആശ്രയിക്കുന്നവര്‍ നിരവധിയാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. യുവ സംരംഭകര്‍ മരുന്നുല്‍പാദന, ഗവേഷണ രംഗങ്ങളിലേക്ക് കൂടുതലായി കടന്നു വരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കോഴിക്കോട് സന്ദര്‍ശനമായിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ പി സദാശിവവും ചേര്‍ന്ന് സ്വീകരിച്ചു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി രോഹിത് വേമുലയുടെ മരണത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനവും കരിപ്പൂരില്‍ നടന്നു. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ചയുണ്ടാവുകയും ചെയ്തു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ സ്വീകരിക്കാന്‍ ആരും എത്താതിരുന്നതും ആഭ്യന്തര ടെര്‍മിനലിനു പകരം കാര്‍ നിര്‍ത്തിത് കാര്‍ഗോ കോംപ്ലക്‌സിലായിരുന്നു എന്നതും ഏറെ വിമര്‍ശന വിധേയമായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ എസ്‌ഐ പി വിഷ്ണുവിനെ സസ്‌പെന്‍ഡ് ചെയ്തു.

Leave a Reply