Home » എഡിറ്റേഴ്സ് ചോയ്സ് » ഗന്ധർവ്വപുത്രൻ ശിവപുത്ര വരുന്നു അപൂർവ്വ പര്യടനത്തിന്; അച്ഛനും എം.ഡി.ആറിനും ഗുരുദക്ഷിണ; ചെന്നൈയിൽ ആർക്കും കേൾക്കാം

ഗന്ധർവ്വപുത്രൻ ശിവപുത്ര വരുന്നു അപൂർവ്വ പര്യടനത്തിന്; അച്ഛനും എം.ഡി.ആറിനും ഗുരുദക്ഷിണ; ചെന്നൈയിൽ ആർക്കും കേൾക്കാം

പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ പ്രത്യക്ഷനാവുകയും നീണ്ട ഇടവേളകളിൽ അജ്ഞാതവാസം വരിയ്ക്കുകയും ചെയ്യാറുള്ള അവധൂത സംഗീതജ്ഞൻ പണ്ഡിറ്റ് മുകുൾ ശിവപുത്ര ആറു തെന്നിന്ത്യൻ വേദികളിൽ പാടാനെത്തും. ചെന്നൈ അടക്കമുള്ള ആദ്യ മൂന്നു വേദികളിൽ കച്ചേരിക്ക് പ്രവേശനം സൗജന്യമാണ്. 

ന്ത്യൻ സംഗീത കുലപതികളിൽപ്പെട്ട പണ്ഡിറ്റ് കുമാർ ഗന്ധർവ്വയുടെ പുത്രനായ വിശ്രുത സംഗീതജ്ഞൻ പണ്ഡിറ്റ് മുകുൾ ശിവപുത്രയെ നേരിൽ കേൾക്കാൻ തെന്നിന്ത്യൻ സംഗീതാസ്വാദകർക്ക് അസുലഭാവസരമൊരുങ്ങുന്നു. ചെന്നൈയിലും ബംഗളുരുവിലും മൈസുരുവിലുമടക്കം ആറു വേദികളിൽ സമകാലിക സംഗീതലോകത്തെ ഈ അതിപ്രതിഭാശാലി പാടാനെത്തും.

ഓർക്കാം, ചെന്നൈ അടക്കമുള്ള ആദ്യ മൂന്നു വേദികളിൽ കച്ചേരിക്ക് പ്രവേശനം സൗജന്യമായാണ്. ബംഗളുരു, മൈസൂരു പട്ടണങ്ങളിലായുള്ള മൂന്നു പരിപാടികൾക്കും BookMyShow വഴി ഓൺലൈൻ ടിക്കറ്റ് വേണ്ടി വരും.

ഗുരുദക്ഷിണ

പിതാവ് കുമാർ ഗന്ധർവ്വയ്ക്കും തന്റെ കർണാട്ടിക് സംഗീതഗുരു എം. ഡി. രാമനാഥനുമുള്ള ഗുരുദക്ഷിണയായാണ് ശിവപുത്ര ദക്ഷിണേന്ത്യൻ സംഗീതപര്യടനത്തിനിറങ്ങുന്നത്. ഏപ്രിൽ എട്ടു മുതൽ 22 വരെയാണ് ഗ്വാളിയർ, ആഗ്ര, ജയ്പുർ ഖരാനകളിലും ഒപ്പം, ദക്ഷിണേന്ത്യൻ സംഗീതത്തിലും ഒരുപോലെ പ്രാവീണ്യമുള്ള ഈ സംഗീതഗുരുവിന്റെ അരങ്ങുകൾ.

ആദ്യ മൂന്നു വേദികൾ

ബെലഗാവിയിലെ ലോകമാന്യ രംഗ് മന്ദിറിൽ, പണ്ഡിറ്റ് കുമാർ ഗന്ധർവ്വയുടെ ജന്മദിനമായ ഏപ്രിൽ എട്ടിന് പ്രഭാതത്തിലാണ് സംഗീതപര്യടനത്തിന് പ്രാരംഭം. അന്നുതന്നെ വൈകിട്ട് അഞ്ചിന് ധാർവാഡിലെ ശ്രീജൻ രംഗമന്ദിറിലും ശിവപുത്ര പാടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്! (പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ പ്രത്യക്ഷനാവുകയും നീണ്ട ഇടവേളകളിൽ അജ്ഞാതവാസം വരിയ്ക്കുകയും ചെയ്യാറുള്ള അവധൂതഗായകനാണ് ശിവപുത്ര).

ചെന്നൈ കലാക്ഷേത്രയിൽ ഏപ്രിൽ 15നാണ് മൂന്നാമത്തെ സംഗീതവേദി. 1978ൽ താൻ കർണ്ണാട്ടിക് സംഗീത പഠനത്തിന് ദീക്ഷ സ്വീകരിച്ച ഡോ.എം.ഡി.രാമനാഥനുള്ള ഗുരുദക്ഷിണയായ ഈ വേദിയിൽ നാലു മണിക്കൂറാണ് കച്ചേരിയുടെ പ്രതീക്ഷിക്കപ്പെടുന്ന ദൈർഘ്യം.

ഈ മൂന്നു വേദികളിലും പ്രവേശനത്തിന് നിബന്ധനകളില്ല.

ബംഗളുരുവിലും മൈസൂരുവിലും

ഗയൻ സമാജിൽ, ഏപ്രിൽ 18നാണ് ബംഗളൂരുവിലെ ആദ്യ പരിപാടി. യാത്രാപരമ്പരയിലെ അവസാന വേദിയും ബംഗളുരുവാണ് – ഏപ്രിൽ 22ന് ജെ.എസ്.എസ്. ഓഡിറ്റോറിയത്തിൽ.

ഇവയ്ക്കു മധ്യേ, മൈസൂരുവിലെ കലാമന്ദിറിലും മുകുൾ ശിവപുത്ര പാടും.

Leave a Reply