Home » ന്യൂസ് & വ്യൂസ് » നാളത്തെ ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് എം. ഗീതാനന്ദന്‍

നാളത്തെ ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് എം. ഗീതാനന്ദന്‍

നാളത്തെ ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടി വരുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍. ഇത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസുടമകളുടെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളയും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സുപ്രീകോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് 25നു രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

അതേസമയം ദലിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കനത്ത സുരക്ഷ പാലിക്കണം എന്ന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറും എന്നാണ് സൂചന. കൂടുതല്‍ പൊലീസിനെ വിന്യസിക്കണം എന്ന നിര്‍ദേശവും നല്‍കും.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണു ഒരു ഹര്‍ത്താല്‍ നടന്നത്. തുടര്‍ച്ചയായ ഹര്‍ത്താല്‍ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷന്‍ അറിയിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും അറിയിച്ചു.

ഏപ്രില്‍ രണ്ടിനായിരുന്നു രാജ്യത്തെ വിവിധ ദലിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തിയത്. ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു 12 പേരുടെ ജീവന്‍ പൊലിഞ്ഞത്. പട്ടികജാതിവര്‍ഗ (സംരക്ഷണ നിയമം) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു ഭാരത് ബന്ദ്.

Leave a Reply