Home » കലാസാഹിതി » “പെണ്‍ നടന്‍” സോളോ അരങ്ങിന് പ്രായപൂര്‍ത്തിയാകുന്നു

“പെണ്‍ നടന്‍” സോളോ അരങ്ങിന് പ്രായപൂര്‍ത്തിയാകുന്നു

മോണോ ആക്ടില്‍ നിന്നും സോളോ നാടകത്തിലേക്കുള്ള ദൂരം എത്രയാണ്? നമ്മുടെ പല സോളോ നാടകങ്ങളിലും ആ ദൂരം ഒട്ടുമില്ല. നാടകം അടിസ്ഥാനപരമായി ഒരു സംഘകലയായതിനാല്‍ സോളോനാടകത്തിന് അടിസ്ഥാനപരമായി ഒരു ദൗര്‍ബല്യമുണ്ട്. കഥാപാത്രമല്ല,  കഥാപാത്രങ്ങളാണ് നാടകത്തിലുള്ളത്. വ്യത്യസ്ത കഥാപാത്രങ്ങള്‍. അവര്‍ തമ്മിലുള്ള ബന്ധവും ബന്ധങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷവുമാണ് നാടകം. അതുകൊണ്ട് നാടകമെന്ന മാധ്യമത്തിന്റെ അടിസ്ഥാന സ്വഭാവം ഏകപാത്ര നാടകത്തെ ന്യായീകരിക്കുന്നില്ല. അരങ്ങിന്റെ തന്നെ നിസ്സഹായതയില്‍നിന്നാണ് സോളോ നാടകം പിറക്കുന്നത് തന്നെ.

സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍ നാടകം എന്ന സോളോ നാടകം ഏകപാത്ര നാടകങ്ങളുടെ അടിസ്ഥാനപരമായ ദൗര്‍ബല്യത്തെ, നിസ്സഹായതയെ മറികടക്കുന്നു. പെണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ പെണ്ണുങ്ങള്‍ അരങ്ങിലെത്താതിരുന്ന കാലത്തെ പെണ്‍ നടനാണ് ഓച്ചിറാശാന്‍. അദ്ദേഹം പെണ്‍നടനായി പിറന്നവനല്ല. പെണ്‍ നടനായി പോയവനാണ്. കുമാരനാശാന്റെ നായികമാര്‍ക്കായിരുന്നു അദ്ദേഹം മറ്റൊരു മാധ്യമത്തില്‍ വേഷപ്പകര്‍ച്ച നല്‍കിയത്. വാസവദത്ത, സീത, സാവത്രി, നളിനി, ലീല.

മലയാളത്തിലെ ഏറ്റവും മികച്ച സോളോ നാടകം കണ്ട അനുഭവം സിവിക് ചന്ദ്രന്‍ പങ്കുവെക്കുന്നു
ഓച്ചിറ ആശാന്‍ അവതരിപ്പിച്ചിരുന്ന പെണ്‍വേഷങ്ങള്‍ മാത്രമല്ല, സന്തോഷ് അരങ്ങിലെത്തിച്ചിരിക്കുന്നത്. ഓച്ചിറ പാപ്പുക്കുട്ടിയാശാന്‍ ആടാനാശിച്ചിരുന്ന ആണ്‍വേഷങ്ങളും അദ്ദേഹത്തിലെ വ്യക്തിയുടെ സംഘര്‍ഷങ്ങളും സമാന്തരമായി അരങ്ങനുഭവമാവുന്നു.   തനിക്ക് കിട്ടിയ നായികയായി പകര്‍ന്നാടുന്ന നാടകം മാത്രമല്ല ഇങ്ങനെ പകര്‍ന്നാടുമ്പോള്‍ താനൊരു മനുഷ്യനും വ്യക്തിയുംകൂടിയാണെന്നോര്‍ക്കാനും ആശാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് ഈ നാടകം ഓച്ചിറാശാനെന്ന നടന്റെ കഥമാത്രമല്ല വ്യക്തിയുടെ കഥകൂടിയാകുന്നു. അയാളെയും അരങ്ങിനെയും സ്‌നേഹിച്ച് ആരാധിച്ച് വിവാഹം ചെയ്ത സരസ്വതിയുടെയും കഥകൂടിയാണ്.അങ്ങനെ ഒരു നടന്റെയും നടനിലെ വ്യക്തിയുടെയും  സമാന്തര ജീവതങ്ങള്‍ ഈ നാടകത്തിലൂടെ വേദിയിലെത്തുന്നു.

മലയാളത്തിലെ വലിയ നടന്മാരിലൊരാളായ സന്തോഷ് കീഴാറ്റൂര്‍ ആ രണ്ട് സമാന്തര ജീവിതങ്ങളും സമര്‍ത്ഥവും സഫലവുമായി അവതരിപ്പിക്കുന്നു. സോളോ നാടകങ്ങള്‍ പ്രായപൂര്‍ത്തിയിലെത്തി ഒരു സമ്പൂര്‍ണ നാടകം മലയാളത്തിന് ലഭിക്കുന്നു. നാടക ആസ്വാദകരും മലയാള നാടക ചരിത്രത്തില്‍ തത്പരരായവരും നിശ്ചയമായും കണ്ടിരിക്കേണ്ട നാടകം. മോണോ ആക്ടായി സോളോ നാടകത്തെ എഴുതിത്തള്ളിയവരും ഈ നാടകം കാണുകതന്നെ വേണം.

Leave a Reply