Home » ആരോഗ്യം » ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതിയുടെ ജല സംരക്ഷണ സന്ദേശയാത്ര ഇന്നും നാളെയും

ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതിയുടെ ജല സംരക്ഷണ സന്ദേശയാത്ര ഇന്നും നാളെയും

കോഴിക്കോട് ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതിയുടെ ജല സംരക്ഷണ സന്ദേശയാത്ര ഇന്നും നാളെയും. ഇന്നു വൈകിട്ട് മൂന്നുമണിക്ക് കല്ലായിപ്പുഴയുടെ തീരത്ത് കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. പുഴ സംരക്ഷണ പ്രതിജ്ഞയും നടക്കും. നാളെ വൈകിട്ട് 5.30ന് കോരപ്പുഴ ജെട്ടിയില്‍ നടക്കുന്ന സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. കയ്യേറ്റത്തിലൂടെയും മലിനീകരണത്തിലൂടെയും കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നതു തടയുക എന്നാവശ്യപ്പെട്ടാണു യാത്ര.

ജലസ്രോതസ്സുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും ചില ഉദ്യോഗസ്ഥരുടെ സമീപനം നിയമലംഘകര്‍ക്ക് സഹായകരമാവുകയാണെന്ന് പുഴ സംരക്ഷണ ഏകോപന സമിതി ആരോപിച്ചു. പുഴ സംരക്ഷണത്തിന് പൊതുജന പങ്കാളിത്തത്തോടെ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. വരള്‍ച്ച നേരിടുന്ന സ്ഥലങ്ങളില്‍ സന്ദേശ യാത്രയോടനുബന്ധിച്ച് കുടിവെള്ളം എത്തിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നദീതീരങ്ങളില്‍ ബോധവല്‍ക്കരണ പരിപാടിയും പുഴ സംരക്ഷണ പ്രതിജ്ഞയും നടക്കും. ചാലിയാര്‍, പുല്ലിപ്പുഴ, രാമനാട്ടുകര നീലിത്തോട്, മാങ്കാവ്, കനോലി കനാല്‍, എന്നിവിടങ്ങളില്‍ ഇന്നും മാമ്പുഴ, ഇരുവഞ്ഞിപ്പുഴ, കുറ്റ്യാടിപ്പുഴ, ചെറുപുഴ, പൂനൂര്‍പുഴ, കക്കോടിപ്പുഴ, കോരപ്പുഴ എന്നിവിടങ്ങളില്‍ നാളെയും പര്യടനം നടത്തും.

Leave a Reply