Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള സ്റ്റേഷനുകളുടെ പരിധിയില്‍ ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുക്കാണ് തീരുമാനം. പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വ്യാജഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് മലപ്പുറത്ത് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കോഴിക്കോട് നഗര പരിധിയില്‍ മത്തോട്ടം, അരക്കിണര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രകോപന പോസ്റ്ററുകള്‍ പൊലീസ് നീക്കംചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കത്വ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ എസ്.ഡി.പി.ഐയുടെ ആഭിമുഖ്യത്തില്‍ ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലറങ്ങുകയെന്ന മുദ്രാവാക്യമുയര്‍ത്തി വ്യാഴാഴ്ച കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച സാഹചര്യത്തില്‍ കൂടിയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത് 900ത്തില്‍ അധികം പേരാണ്. കൊടുവള്ളിയില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് കേസെടുത്തിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് 153(എ) ചുമത്തിയിരുന്നു.

സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം നടന്നിരുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഹർത്താൽ ആഹ്വാനം ചെയ്ത വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ വിവരങ്ങൾ സെബൽസെൽ ശേഖരിച്ചു. ഇവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കും. ഫോൺ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കും.

Leave a Reply