Home » നമ്മുടെ കോഴിക്കോട് » മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം; 18 മുതല്‍ കളക്ടറേറ്റിന് മുമ്പില്‍ അനിശ്ചിതകാല ഉപവാസ സമരത്തിന് കര്‍മസമിതി

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം; 18 മുതല്‍ കളക്ടറേറ്റിന് മുമ്പില്‍ അനിശ്ചിതകാല ഉപവാസ സമരത്തിന് കര്‍മസമിതി

: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം ഇപ്പോഴും യാഥാര്‍ഥ്യമാകാത്തതില്‍ പ്രതിഷേധിച്ച് 18 മുതല്‍ കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരത്തിന് കര്‍മസമിതി. അതേസയമം ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഉപവാസ സമരത്തിന് ജനപ്രതിനിധികള്‍ പങ്കുചേരണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ചുവര്‍ഷം കര്‍മസമിതിയുടെ ഭാഗമായിപ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്ത എം.കെ. രാഘവന്‍ എം.പി.യും എ. പ്രദീപ് കുമാര്‍ എം.എല്‍.എ.യും ഡോ. എം.കെ. മുനീര്‍ എം.എല്‍.എ.യും റോഡ് വികസനം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പംനില്‍ക്കണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാലുടന്‍ റോഡ് വികസനത്തിന് മുഴുവന്‍ ഫണ്ടും അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം രണ്ടുവര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുന്നണിസ്ഥാനാര്‍ഥികളുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണവിഷയം ഈ റോഡ് വികസനമായിരുന്നു. റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തുമെന്നും സമ്മതപത്രവും ഒറിജിനല്‍ ആധാരങ്ങളും നല്‍കി കാത്തിരിക്കുന്ന ഭൂവുടമകള്‍ക്ക് മുഴുവന്‍ ഫണ്ടും 2017 മാര്‍ച്ച് 31-നകം നല്‍കുമെന്നും ധനകാര്യമന്ത്രി തോമസ് ഐസക്കും പൊതുമരാമത്തുവകുപ്പുമന്ത്രി ജി. സുധാകരനും എ. പ്രദീപ് കുമാര്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കിയതാണ്. അവസാനമായി എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടിയായി കഴിഞ്ഞ മാര്‍ച്ച് 31-നകം 50 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതും പാഴ്വാക്കായി.

18-ന് രാവിലെ 10 മണി മുതല്‍ കളക്ടറേറ്റിനു മുന്‍പിലാണ് അനിശ്ചിതകാല ഉപവാസസമരം ആരംഭിക്കുക. സമരസഹായസമിതിയുടെ യോഗം 12-ന് വൈകീട്ട് അഞ്ചിന് നളന്ദ ഓഡിറ്റോറിയത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് വിളിച്ചുചേര്‍ക്കും. 11-ന് വാഹനപ്രചാരണജാഥയും നടത്തും. പ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. സമരസഹായസമിതി പ്രസിഡന്റ് തായാട്ട് ബാലന്‍, മാത്യു കട്ടിക്കാന, എം.പി. വാസുദേവന്‍, കെ.വി. സുനില്‍കുമാര്‍, കെ.പി. വിജയകുമാര്‍, സാബു കെ. ഫിലിപ്പ്, ആര്‍.ജി. രമേശ്, പി.എം. കോയ, സി. ചെക്കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply