Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ഈ ദലിത് മിടുക്കനെ ഇനിയും ചവിട്ടാനാണോ ഫാറൂഖ്കോളേജിനു ഭാവം?

ഈ ദലിത് മിടുക്കനെ ഇനിയും ചവിട്ടാനാണോ ഫാറൂഖ്കോളേജിനു ഭാവം?

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിൻെറ പേരിൽ ദിനു എന്ന വിദ്യാർത്ഥിയെ പുറത്താക്കിയ ഫാറൂഖ് കോളേജ് മാനേജ്മെൻറിൻെറ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ദിനുവിനെതിരായ എല്ലാ അച്ചടക്ക നടപടികളും നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

ഉത്തരവിൻെറ സ്പിരിറ്റ് ഉൾക്കൊണ്ട്, അച്ചടക്ക നടപടി കോളേജധികൃതർ പിൻവലിക്കുമോ? അതോ കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ ശ്രമിച്ച് ദുഷ്പേരിന് ആക്കം കൂട്ടുമോ? കേരളം കാതോർക്കുന്നു.

മലബാറിലെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കുറക്കാൻ രൂപംകൊണ്ട മഹാസ്ഥാപന൦ സ്വന്തം പാരമ്പര്യം മറക്കില്ലെന്നു കരുതുന്നു, ഇപ്പോഴും ഫാറൂഖിനെ സ്നേഹപുരസ്സര൦ കാണാൻ ശ്രമിക്കുന്ന മലബാറുകാർ. ‘സ്വർഗം-നരകം-പരലോകം’ എഴുതി മതമേധാവിത്തത്തെ കടന്നാക്രമിച്ച കെ.ഇ.എൻ എന്ന ഇവിടുത്തെ അധ്യാപകനോട് ‘കെഇഎന്നിന് എന്നെങ്കിലും മതത്തോട് മതിപ്പുണ്ടാകാൻ ഇടവരട്ടെ’ എന്നു സഹിഷ്ണുത കാട്ടിയ അന്നത്തെ ഫാറൂഖ് പ്രിൻസിപ്പാളിൻെറ പാരമ്പര്യമാണ് അവരുടെ ഓർമ്മ.

ആ ഓർമ്മയില്ലാതായിപ്പോയതിനുള്ള കിഴുക്കായി കോടതി ഉത്തരവിനെ കണ്ടാൽ ഇപ്പോഴത്തെ പ്രിൻസിപ്പാലിനെ, സ്വസ്ഥാനത്തിൻെറ വിലയറിയുന്നയാളായി, ലീഗുകാരും ജമായത്തുകാരുമല്ലാത്ത മലബാറുകാർ കരുതും!

ഇല്ലെങ്കിലോ?

മിടുമിടുക്കനായ ഒരു ദളിത്‌ വിദ്യാർത്ഥിയെ അങ്ങനെയങ്ങ് വളരാൻ വിടാൻ പാടില്ലെന്ന സവർണ്ണബോധമാണ് ഫാറൂഖാബാദിനെന്ന് കേരളമൊന്നടങ്കം വിശ്വസിക്കും. ദലിത്-മുസ്ലിം ഐക്യമെന്ന സമകാല മുദ്രാവാക്യമൊക്കെ വെറും അവസരവാദമാണെന്നും, ഫാറൂഖാബാദിന് എന്നും ഇമ്മാതിരി ദലിത് വിരുദ്ധത സഹജമായിരുന്നെന്നും കോളേജിനെ സ്നേഹിക്കുന്നോരുതന്നെ വിളിച്ചുപറഞ്ഞു തുടങ്ങും!

പ്ലസ്‌റ്റുവിനു 96 % മാർക്ക്‌ വാങ്ങി മദ്രാസ് ഐ ഐ ടി യിൽ പ്രവേശനം നേടിയവനാണ് ദിനു.  ദേശീയ തലത്തിൽ എസ് സി വിഭാഗത്തിൽ ലിസ്റ്റിൽ ഏഴാമതായി ചെന്നൈ ഐ ഐ ടി യിൽ പ്രവേശനം നേടിയ വിദ്യാർത്ഥി.  അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവാതെയാണ് പഠനം പകുതി വഴിയിൽ ഉപേക്ഷിച്ചു ഫാറൂഖ് കോളേജിൽ വന്നു ചേർന്നത്‌.

ഇത്രയും മിടുക്കനായ ദിനു ഇനി ക്ലാസിലിരുന്ന് പഠിക്കട്ടെ.. ഫാറൂഖ് പ്രിൻസിപ്പാൽ കുറച്ചെങ്കിലും ഫാറൂഖ് കോളേജിൻെറ ചരിത്രവും!

Leave a Reply