Home » നമ്മുടെ മലപ്പുറം » 10 വയസുകാരി തീയറ്ററിനുള്ളില്‍ പീഡനത്തിനിരയായ സംഭവത്തില്‍ പൊലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി

10 വയസുകാരി തീയറ്ററിനുള്ളില്‍ പീഡനത്തിനിരയായ സംഭവത്തില്‍ പൊലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി

എടപ്പാളില്‍ 10 വയസുകാരി തീയറ്ററിനുള്ളില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ പൊലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ചങ്ങരംകുളം എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തുന്നതില്‍ തീരുമാനം പിന്നീട് എടുക്കുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം പൊലീസിന്റെ വീഴ്ച ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീഴ്ച പൊലീസിന് കളങ്കമുണ്ടാക്കി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എടപ്പാളില്‍ തീയറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും പൊലീസ് അതു മറച്ചു വയ്ക്കുകയും കേസെടുക്കാതിരിക്കുകയും ചെയ്തുവെന്ന് പരാതിയുയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് വ്യാപക ആരോപണമാണുള്ളത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികളും ക്രിമിനല്‍ നടപടികളും ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കുകയും ചെയ്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സഹായം ചെയ്തുകൊടുത്ത സ്ത്രീയും പോക്‌സോ ആക്ട് സെക്ഷന്‍ 17 പ്രകാരം കുറ്റകൃത്യം ചെയ്തതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇങ്ങനെ കുറ്റകൃത്യം നടക്കുകയും അതു ചൈല്‍ഡ്‌ലൈന്‍ വഴി പൊലീസില്‍ പരാതിയായി ലഭിക്കുകയും ചെയ്തിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസ് ഉദ്യേഗസ്ഥര്‍ പോക്‌സോ ആക്ട് സെക്ഷന്‍ 21 പ്രകാരമുള്ള കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply