21 വര്‍ഷത്തിനു ശേഷം നാഗ്ജി ഫുട്ബോള്‍ വീണ്ടും എത്തുമ്പോള്‍ രണ്ട് പതിറ്റാണ്ടിന്റെ അന്തരം ഉണ്ടെങ്കിലും ഗാലറിയിലെ ആരവം ഇന്നലെ അവസാനിച്ചതുപോലെയാണ് കോഴിക്കോട്ടുകാര്‍ക്ക് നാഗ്ജി. കാരണം ഫുട്ബോള്‍ അവര്‍ക്ക് ഗോള്‍ പോസ്റ്റിലേക്ക് അടിച്ച് കയറ്റുന്ന വെറും പന്തു മാത്രമല്ല. അത് രക്തത്തിലലിഞ്ഞ വികാരമാണ്. വലിയ ടൂര്‍ണമെന്റുകള്‍ ഓര്‍മ്മയായ നഗരത്തില്‍ നാഗ്ജി ഫുട്ബോള്‍ വീണ്ടുമെത്തുമ്പോള്‍ കാല്പന്ത് പ്രേമികളും ആവേശത്തിലാണ്.
കോഴിക്കോട്ടുകാരനല്ലെങ്കിലും കോഴിക്കോടിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് ഒരുകാലത്ത് നിറസാന്നിദ്ധ്യമായിരുന്നു നാഗ്ജി. പായ്ക്കപ്പലിലേറി വാസ്കോഡഗാമയും അതിന് മുന്‍പ് ചീനരും അറബികളുമെല്ലാം കച്ചവടത്തിനായി എത്തിയ കോഴിക്കോടിന്റെ മണ്ണിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഗ്ജിയും എത്തുകയായിരുന്നു. തന്റ വ്യവസായ സാമ്രാജ്യം കെട്ടി പടുക്കുന്നതിനൊപ്പം കോഴിക്കോടിന്റെ നെഞ്ചിടിപ്പും നാഗ്ജി തൊട്ടറിഞ്ഞു. 1952ലാണ് നാഗ്ജി ഫുട്ബാളിന്റെ തുടക്കം. കോഴിക്കോട് കുടിയേറി പാര്‍ത്ത വ്യാപാരിയായിരുന്ന സേട്ട് നാഗ്ജിയുടെ സ്മരണക്കായി കുടുംബത്തിന്റെ പിന്തുണയോടെ മാനാഞ്ചിറയില്‍ യംഗ് ചാലഞ്ചേഴ്സ് ക്ലബ്ബാണ് ആദ്യമായി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.
1943-ല്‍ അന്തരിച്ച വ്യവസായ പ്രമുഖന് സേട്ട് നാഗ്ജി അമര്സിയുടെ പേരിലാണ് നാഗ്ജി ഫുട്ബോള്‍ മത്സരങ്ങള്‍ തുടങ്ങിയത്. പിതാവിന്റെ പേരില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടത്താന്‍ സന്നദ്ധമാണെങ്കില്‍ ട്രോഫിയും മറ്റു സഹായങ്ങളും നല്‍കാമെന്ന് നാഗ്ജിയുടെ അമര്സിയുടെ മകന് ജയാനന്ദ് നാഗ്ജി അറിയിച്ചപ്പോള്‍ അന്നത്തെ പ്രധാനപ്പെട്ട ടീമായ യങ്ചാലഞ്ചേഴ്സ് ഏറ്റെടുക്കുകയായിരുന്നു.
അങ്ങനെ 1951-ല്‍ മാനാഞ്ചിറ മൈതാനിയില്‍ നാഗ്ജിയുടെ പേരില്‍ പന്തുരുളാന്‍ തുടങ്ങി. പ്രഥമ നാഗ്ജിയില്‍ ഹിന്ദുസ്ഥാന്‍ എയര്‍ ക്രാഫ്റ്റായിരുന്നു ചാമ്പ്യന്മാര്. കണ്ണൂര്‍ ലക്കി സ്റ്റാറിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ചാലഞ്ചേഴ്സ് സംഘാടനത്തില്‍ നിന്നും മാറിയപ്പോള്‍ സെന്റിനല്‍സ് ക്ലബ്ബ് ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. പിന്നീടവരും പിന്മാറി. അതിനുശേഷമാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനും ജില്ലാ ഫുട്ബോള്‍ അസോസിയേഷനും ഏറ്റെടുക്കുന്നത്.
കളി മാനാഞ്ചിറയില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് മാറി. സന്തോഷ് ട്രോഫിക്കു വേണ്ടി സ്റ്റേഡിയം ഗ്രൗണ്ട് പിറന്നത് 1960-ലാണ്. 1957ല്‍ കോഴിക്കോട് കോര്‍പ്പറേഷനും കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനും മത്സരത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. രാജ്യത്തെ ഒന്നാംകിട ടീമുകള്‍ക്ക് പുറമേ വിദേശ ടീമുകളും നാഗ്ജിക്കായി കോഴിക്കോട്ടെത്തി. 1955ലും 56ലും പാക്കിസ്ഥാനിലെ കറാച്ചി കിക്കേഴ്സ് ആയിരുന്നു ജേതാക്കള്‍. 1989ല്‍ ധാക്കയില്‍ നിന്നുള്ള അബഹാനി ക്രീഡാചക്ര ചാംപ്യന്മാരായി. എന്നാല്‍ നാഗ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ മുത്തമിട്ടതുകൊല്ക്കത്ത മുഹമ്മദന്‍സും പഞ്ചാബില്‍ നിന്നുള്ള ജെ സി ടി മില്‍സ് ഫഗ്വാരയുമാണ്. കേരളത്തില്‍ നിന്ന് കുണ്ടറ അലിന്‍ഡ് ടീം മാത്രമാണ് കിരീടം ചൂടിയത്. കണ്ണൂര്‍ ലക്കിസ്റ്റാര്‍, കണ്ണൂര്‍ ജിങ്കാന, കെ എസ് ആര് ടി സി, ടൈറ്റാനിയം, കേരള ഇലവന് ടീമുകള്‍ റണ്ണറപ്പായിട്ടുണ്ട്.
1952 ല്‍ ആരംഭിച്ച നാഗ്ജി ഫുട്ബോള്‍ 35 വര്‍ഷം തുടര്‍ച്ചയായി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം 1995 ല്‍ നവീകരണം ആരംഭിച്ചതോടെയാണ് മത്സരം മുടങ്ങി. ആദ്യ മത്സരത്തില്‍ ബാംഗളൂരിരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും അവസാനമത്സരത്തില്‍ ജെസിടി മില്‍സ് ഫഗ്വാരയുമാണ് ജേതാക്കളായത്. മത്സരം പുനരാരംഭിക്കാന്‍ ശ്രമം നടന്നെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി.
നീണ്ട ഇടവേളക്കു ശേഷം വരുന്ന നാഗ്ജി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും വിദേശ ടീമുകളാണെന്നതും പ്രത്യേകത തന്നെ. രണ്ട് ഗ്രൂപ്പിലായി 12 ലീഗ് മത്സരങ്ങളും സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. ആരാധകര്‍ക്കിടയിലെ ബദ്ധവൈരികളായ അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീമും ബ്രസീലിലെ അത്ലറ്റികോ പരാനെയും തമ്മിലാണ് വെള്ളിയാഴ്ച ആദ്യകളി. ഫെബ്രുവരി 21ന് നടക്കുന്ന ഫൈനലോടെ രണ്ട് പതിറ്റാണ്ടിനു ശേഷം നാഗ്ജി കപ്പ് സ്വന്തമാക്കുന്ന ടീം ആരെന്നറിയാം.