Home » നമ്മുടെ കോഴിക്കോട് » ശക്തമായ മഴ; കോഴിക്കോട് ഉരുള്‍പൊട്ടലില്‍ മരണം ആറായി

ശക്തമായ മഴ; കോഴിക്കോട് ഉരുള്‍പൊട്ടലില്‍ മരണം ആറായി

താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. അബ്ദുല്‍ സലീമിന്റെ മകള്‍ ദില്‍ന(9), സഹോദരന്‍ മുഹമ്മദ് ഷഹബാസ് (4), അയല്‍വാസി ജാഫറിന്റെ ഏഴു വയസ്സുള്ള മകന്‍ ജാസിം, അബ്ദുറഹ്മാന്‍ എന്നിവരാണു മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവിടെ 9 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. അബ്ദുല്‍ സലീമിന്റെതടക്കം രണ്ട് കുടുംബത്തിലെ അംഗങ്ങളെയാണ് കാണാതായത്. കരിഞ്ചോലയില്‍ അഞ്ചു വീടുകള്‍ ഒലിച്ചു പോയി. പലരും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കോഴിക്കോട് കക്കയത്തും താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍, കൂടരഞ്ഞി ഭാഗങ്ങളിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട്ട് അഞ്ചിടത്തും മലപ്പുറത്ത് ഒരുസ്ഥലത്തുമാണ് ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോട് ജില്ലാ കലക്ടര്‍ ദേശീയദുരന്തനിരവാരണ സേനയുടെ സഹായം തേടി.

അതേസമയം കാലവര്‍ഷക്കെടുതി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിക്കും ദുരന്തബാധിത ജില്ലകളിലെ കലക്ടര്‍മാര്‍ക്കുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക്കേന്ദ്രദുരന്തനിവാരണസേന എത്തും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

വയനാട് പൊഴുതന ആറാം മൈലില്‍ 2 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണ്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും തുടരുകയാണ്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല. കോഴിക്കോട് വയനാട് ദേശീയപാതയില്‍ പുനൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

Leave a Reply