Home » ന്യൂസ് & വ്യൂസ് » ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റ്; സിപിഐഎം

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റ്; സിപിഐഎം

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുന്‍ സാഹചര്യത്തില്‍ നിന്ന് ഒരു മാറ്റവും വന്നിട്ടില്ല. ദിലീപ് പ്രതിയായ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംഘടനാ ഭാരവാഹികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. അമ്മ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സിപിഐഎം പറഞ്ഞു.

അതേസമയം, അമ്മയിലുള്ള ഇടതുപക്ഷ ജനപ്രതിനിധികളെ ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണെന്ന് സിപിഐഎം ആരോപിച്ചു. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയം നോക്കിയല്ല പ്രതികരിക്കേണ്ടതെന്ന് സിപിഐഎം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ധീരമായ നടപടിയാണ് ഇടതുപക്ഷം സ്വീകരിച്ചത്. ഇത് കേരള ജനതയ്ക്ക് അറിയാം. ഇടതുപക്ഷത്തെ ആക്രമിക്കുന്നവരുടെ നിഗൂഢ താത്പര്യങ്ങള്‍ ഫലിക്കില്ലെന്നും സിപിഐഎം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചില്ല.

അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് സംഘടനയിലെ അംഗങ്ങള്‍ കൂടിയായ എംഎല്‍എമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഇരുവരും പാര്‍ട്ടിയില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുമെന്നായിരുന്നു നിലപാടെടുത്തിരുന്നത്. പ്രതികരിക്കാനില്ലെന്നാണ് അമ്മ മുൻ പ്രസിഡന്റും എംപിയുമായ ഇന്നസന്റും നിലപാടെടുത്തത്. എന്നാല്‍, ഇവരോട് പാർട്ടി വിശദീകരണം തേടേണ്ടതില്ലെന്നാണ് സിപിഐഎം അറിയിച്ചത്.

Leave a Reply