Home » നമ്മുടെ കോഴിക്കോട് » ജില്ലയില്‍ കാട്ടാനശല്യം തുടരുന്നു, വ്യാപക കൃഷി നാശം

ജില്ലയില്‍ കാട്ടാനശല്യം തുടരുന്നു, വ്യാപക കൃഷി നാശം

ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട് മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി വൻ കൃഷി നാശം വിതച്ചു. കൂട്ടമായി എത്തിയ കാട്ടാനകൾ പുതുപ്പള്ളിൽ ജോസഫ്, മോളി, മാത്യു എന്നിവരുടെ വാഴ, തെങ്ങ്, ജാതി, കമുക്, കൊക്കോ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. പുതുപ്പള്ളിൽ ജോസഫിന്റെ നൂറോളം കുലച്ച ഏത്തവാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ജോസഫിന്റെ വാഴത്തോട്ടം സംരക്ഷിക്കുന്നതിന് സ്ഥാപിച്ച സൗരോർജ വേലികൾ കാട്ടാനക്കൂട്ടം തകർത്തു.

നിരന്തരം കുണ്ടൻതോട് മേഖലയിൽ കാട്ടാനശല്യം ഉണ്ടാകുന്നതിനെ തുടർന്ന് ഈ മേഖലയിൽ നിന്ന് കർഷകർ വീടുകൾ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് താമസം മാറുകയാണ്. കാട്ടാനകളും കാട്ടുപന്നികളും കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് മൂലം കൃഷിപ്പണികൾ ചെയ്യാനോ, കാർഷിക വിളകള്‍ സംരക്ഷിക്കാനോ പറ്റാതെ നിത്യദുരിതത്തിലാണ് കര്‍ഷകര്‍.

ഈ മേഖലയില്‍ തുടര്‍ച്ചയായുണ്ടാവുന്ന കാട്ടാനശല്യത്തില്‍ നിന്നും രക്ഷനേടുന്നതിനായി വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിച്ച് ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തണമെന്ന് നിരന്തരം കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. കാട്ടാനകളുടെ ശല്യത്തിനെതിരെ വനം വകുപ്പിന്റെ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കുണ്ടൻതോട് മേഖലയിൽ കന്നിമണ്ണ് തേടിയെത്തി വർഷങ്ങളായി കൃഷി ചെയ്തുവരുന്ന ഒരു കർഷക സമൂഹം ഒന്നാകെ നാടു വിട്ട് പോകുന്ന അവസ്ഥയാണുണ്ടാകുക.

Leave a Reply