കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന സംവാദത്തില്‍ നിന്നും
കെ. അജിത
അടിസ്ഥാനപരമായി സ്ത്രീ സാക്ഷരത പൂര്‍ണ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമായിട്ടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെതിരെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പടെ ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. ഹോസ്റ്റലുകളില്‍ ഉള്‍പ്പടെ പെണ്‍കുട്ടികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്കും വിധേയരാവുകയാണ്. ആത്യന്തികമായി ഫെമിനിസ്റ്റാണെന്ന് തുറന്ന് പറയാന്‍ എഴുത്തുകാരികള്‍ക്ക് പോലും താത്പര്യമില്ല. ഇന്നത്തെ മിക്ക പ്രണയങ്ങളിലും പുരുഷാധിപത്യം പ്രകടമാകുമ്പോള്‍ ജനാധിപത്യം ഇല്ലാതാവുന്നു. ശരീര സൗന്ദര്യത്തെ കുറിച്ചുള്ള കാല്‍പ്പനിക കാഴ്ചപ്പാടുകള്‍ ഇന്നത്തെ പെണ്‍കുട്ടികളില്‍ അപകര്‍ഷതാ ബോധം വളര്‍ത്തുകയാണ്. ബോധപൂര്‍വ്വമായ ഇടപെടലിലൂടെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാക്കാന്‍ എഴുത്തുകാരികള്‍ക്ക് കഴിയണം.
ബിഎം സുഹറ
തെറ്റ് തെറ്റാണെന്ന് ഉറക്കെ വിളിച്ച് പറയുക, നീതിയ്ക്ക് വേണ്ടി നിലകൊള്ളുക, സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണ് ഫെമിനിസം കൊണ്ട് ഞാനുദ്ദേശിക്കുന്നത്.
സിഗരറ്റ് വലിക്കുക, മദ്യപിക്കുക, ചുബനം നടത്തുക എന്നത് ഫെമിനിസമാണെന്ന് വിശ്വസിക്കുന്നില്ല. തന്റെ വേഷത്തിന് എഴുത്തുമായി ബന്ധമില്ല. യാത്രയിലും മറ്റുമുണ്ടായ അനുഭവങ്ങളാണ് മൂടിക്കെട്ടി നടക്കാന്‍ ഉണ്ടായ സാഹചര്യം. മതത്തിലെ ജീര്‍ണതകള്‍ തന്റെ എഴുത്തില്‍ പ്രതിഫലിപ്പിച്ചപ്പോള്‍ മത സംഘടനകളില്‍ നിന്നും എതിര്‍പ്പുണ്ടായി. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി മുസ്ലീം സമുദായം വിദ്യാഭ്യാസ കാര്യത്തില്‍ ഉള്‍പ്പടെ പുരോഗതി നേടി. എന്നാല്‍ അതാരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടോ. എന്ന് പരിശോധിക്കണം.
പെട്ടെന്നുള്ള പ്രശസ്തിയ്ക്ക് വേണ്ടി ‘ലൈംഗികത’ എഴുതുമ്പോള്‍ വായാനാസുഖം നഷ്ടമാകുന്നു. ജീവിതം അതേപടി പകര്ത്തിയാലത് സാഹിത്യമല്ല. ജീവിതം ഭാവനയും കാല്‍പ്പനികതയുടെ മേമ്പൊടിയും ചേര്‍ത്ത് പ്രതിഭാശാലികള്‍ക്ക് ധ്വനിപ്പിച്ച് പറയാന്‍ പറ്റും. അപ്പോഴാണ് സാഹിത്യ സൃഷ്ടിയാകുന്നത്. ഭാഷ സ്ത്രീയ്ക്കെന്ന പോലെ പുരുഷനും വഴങ്ങില്ല എന്നത് പൊതുവേയുള്ള പ്രശ്നമാണ്. മുമ്പ് അന്യ ഭാഷയാണ് സാഹിത്യഭാഷ എന്നൊരു ധാരണയുണ്ടായിരുന്നു. ഓരോ ഗ്രാമ്യ ഭാഷയ്ക്കും മനോഹാരിതയുണ്ട്. സാഹിത്യം അന്യവാചകര്ക്ക് രസിയ്ക്കണമെങ്കില്‍ വാച്യമായ് പറയാതെ വ്യംഗമായി പറയാനാകണം.
സി. എസ് ചന്ദ്രിക
സ്ത്രീയെ സദാചാര ചട്ടക്കൂടില്‍ ഒതുക്കുന്നു. അതുകൊണ്ടാണ് നല്ല കുടുംബിനി, നല്ല സ്ത്രീ എന്ന വാക്കുകളില്‍ വിശേഷിപ്പിക്കുന്നത്. വിവാഹേതര ബന്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രണയമാണ്. മറ്റേതു മേഖലയിലുമെന്ന പോലെ എഴുത്തുകാരികളും ഈ ‘സദാചാര പ്രശ്നം’ നേരിടുന്നു. ഓരോ സൃഷ്ടിയും ആത്മാവിന്റെ പറക്കലുകളിലൂടെയുള്ള സ്വാതന്ത്ര്യമാണ് സാധ്യമാകുന്നത്. പുരുഷന് ഉപയോഗിക്കുന്ന ഭാഷ തന്നെയാണ് സ്ത്രീചിന്തകളും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സ്ത്രീ അനുഭവം വ്യത്യസ്തമാണ്. സ്ത്രീ അനുഭവങ്ങളെ സ്ഫോടനാത്മകമായി പ്രതിഫലിപ്പിക്കാന്‍ അവരുടെ ലൈംഗിക തൃഷ്ണകളെ തുറന്നു പറയാന്‍ ഭാഷയുണ്ടോ? ഭാഷയിലെയും സംസ്കാരത്തിലെയും ആണ് മേല്‍ക്കോയ്മയെ മറികടക്കാനുള്ള ശ്രമമാണ് പറയുന്നത്. വെല്ലുവിളിയെ അതിജീവിക്കുമ്പോള്‍ എതിര്‍പ്പുകളുണ്ടാകും. നൈസര്‍ഗ്ഗികമായ അനുഭവം ഉള്ളവര്‍ക്കേ അതിനു പറ്റൂ.
ഡോ. ഖദീജ മുംതാസ്
സാഹിത്യ സൃഷ്ടികളിലെ പെണ്‍കഥാപാത്രങ്ങള്‍ക്ക് കരുത്തു നല്കുന്നതില് സാറാ ജോസഫ്, കെ.ആര് മീര, ഉള്‍പ്പടെയുള്ള എഴുത്തുകാരുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. അതത് കാലഘട്ടത്തിനനുസരിച്ച് കഥാപാത്രങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ നമ്മുടെ എഴുത്തുകാരികള്‍ ശ്രമിക്കുന്നുണ്ട്. ആരാച്ചാരില്‍ കഥാനായകനെ ഒരു പെണ്ണ് തൂക്കിലേറ്റുമ്പോല് അത് പുരുഷാധികാരത്തെയാണ് തൂക്കിലേറ്റുന്നത്. കേരളീയ സ്ത്രീ എന്നു കാല്‍പ്പനിക കാഴ്ചപ്പാടിനെ എഴുത്തിലൂടെ പുതുക്കി പണിയേണ്ടതുണ്ട്. അതേ സമയം ടി.ഡി രാമകൃഷ്ണന്റെ ആണ്ടാള്‍ ദേവ നായികയില്‍ ബലാല്‍ക്കാര രംഗങ്ങള്‍ വിവരിക്കുമ്പോള്‍ പുരുഷന്റെ സാഡിസ്റ്റ് സ്വഭാവം ഒളിഞ്ഞും തെളിഞ്ഞും പ്രകടമാണ്. നോവലിനെ അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം എഴുത്ത് രീതിയോടുള്ള വിയോജിപ്പും തുറന്ന് പറയുന്നു. എഴുത്തുകാരന്റെ പരപീഡന സുഖം എഴുത്തില്‍ അറിയാതെ പ്രതിഫലിക്കുകയാണ്. ഇത് വായനക്കാരില്‍ ഉറങ്ങിക്കിടക്കുന്ന മൃഗചോദനകളെ ഉണര്‍ത്തില്ലേ എന്ന ആശങ്കയും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.