Home » ന്യൂസ് & വ്യൂസ് » കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 25000 കോടി രൂപ വേണമെന്ന് ലോകബാങ്ക്

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 25000 കോടി രൂപ വേണമെന്ന് ലോകബാങ്ക്

കനത്ത വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമായി തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനായി കാല്‍ലക്ഷം കോടി രൂപ വേണ്ടിവരുമെന്ന് ലോകബാങ്ക്-എഡിബി സഖ്യം. പ്രളയം നാശം വിതച്ച സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് സംഘം സമര്‍പ്പിച്ചു.

നവകേരള പദ്ധതിക്ക് ഏറ്റവും ഉപകാരപ്രദമായതും ഇതുമായി ബന്ധപ്പെട്ടുള്ള ആദ്യ റിപ്പോര്‍ട്ടും ഇതാണ്. ഇതേ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയത്തിനും സമര്‍പ്പിക്കുമെന്ന് ലോകബാങ്ക്-എ.ഡി.ബി സംഘം അറിയിച്ചു. ജില്ലകളിലെ കലക്ടര്‍മാരുമായും മറ്റ് വകുപ്പ് തലവന്‍മാരുമായും നടത്തിയ ചര്‍ച്ചകള്‍ക്കും പഠനത്തിനും ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്.

തകര്‍ന്ന റോഡുകളുടെയും കുടിവെള്ള സംവിധാനങ്ങളുടെയും കാര്യക്ഷമമായ പുനര്‍നിര്‍മാണത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുകയെന്ന് സംഘം അറിയിച്ചിട്ടുണ്ട്. ഏതെല്ലാം മേഖലകളില്‍ എത്രത്തോളം സഹായം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം എടുത്ത് നിര്‍ദേശം സമര്‍പ്പിക്കേണ്ടത് സര്‍ക്കാരാണ്.

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് 25000 കോടി വേണ്ടിവരുന്ന സാഹചര്യത്തില്‍, നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്തായിരിക്കും ലോകബാങ്കിന്റെ വായ്പ ലഭിക്കുക. ഇത്രയും തുക ലഭിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ വായ്പയെടുപ്പ് പരിധി ഉയര്‍ത്തണം.

പൊതുവേ വായ്പ നല്‍കാനുള്ള മാനദണ്ഡങ്ങളിലും സമയ പരിധികളിലും മാറ്റം വരുത്താനും ലോകബാങ്ക് തയാറായിട്ടുണ്ട്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ഉയര്‍ന്ന വായ്പകള്‍ ലഭിക്കാന്‍ വേണമെന്നിരിക്കേ കേരളത്തിന്റെ അവസ്ഥ പരിഗിണിച്ച് ആറ് മാസത്തിനുള്ളില്‍ വായ്പ അനുവദിക്കാന്‍ നടപടിയെടുക്കുമെന്നും ലോകബാങ്ക് അധികൃതര്‍ അറിയിച്ചു.

Leave a Reply