റിപ്പോര്‍ട്ട് – ആനന്ദ് കെ എസ്
രാഷ്ട്രവും അധികാരവും പ്രകൃതിക്കുമേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ എഴുത്തിന്റെ പുതിയ മേഖലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നായിരുന്നു കാട്,നാട്, സഞ്ചാരം എന്ന കേരള സാഹിത്യോത്സവത്തില്‍ രണ്ടാം ദിനം നടന്ന ചര്‍ച്ച. പ്രദീപന് പാമ്പിരിക്കുന്ന് മോഡറേറ്റര്‍ ആയ ചര്‍ച്ചയില്‍ പാരിസ്ഥിതിക പ്രശ്നങ്ങളും സാഹിത്യവും എങ്ങനെ ചേര്‍ന്നു നില്ക്കുന്നു എന്ന് അവലോകനം ചെയ്യപ്പെട്ടു.
പാരിസ്ഥിതിക എഴുത്തുകളെ ആത്മീയവും ദാര്‍ശനികവുമായ മേഖലയിലേക്ക് എത്തിച്ച ആശാ മേനോനായിരുന്നു ആദ്യ പാനലിസ്റ്റ് . 1950ലെ സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്ടിനെതിരെയുള്ള പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മ കേരളത്തില്‍ ഈ വിഷയത്തില്‍ ആദ്യ ചലനമുണ്ടാക്കിയത് കവിതകളിലൂടെയായിരുന്നു. ഒ.വി.വിജയന്റെ തസ്രാക്കില്‍ ഇന്ന് നടക്കുന്ന കൊക്കോ കോളയുടെ ചൂഷണവും മലിനീകരണങ്ങളും അദ്ദേഹം ചര്ച്ചക്കിരയാക്കി.
ഭരണകൂടവും ആധുനിക വികസനവും ഒന്നിച്ച് ഒരു നാടിന് തീരാ ദു:ഖം സമ്മാനിച്ച എന്‍ഡോസള്‍ഫാന്റെ മര്‍മ്മം തിരിച്ചറിഞ്ഞ അംബികാ സുതന് മാങ്ങാടായിരുന്നു രണ്ടാം പാനലിസ്റ്റ്.എന്താണ് വികസനം എന്നകാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ആവശ്യമാണെന്നദ്ദേഹം പറഞ്ഞു.സിയാറ്റിന്‍ മൂപ്പനും , കുഞ്ഞിരാമന് നായരും ബഷീറും , ‘അന്തി മഹാകാളന്‍ കുന്ന് യന്ത്രത്താല്‍ വലിച്ചെറിയപ്പെട്ടു’ ഇടശ്ശേരിയും ചര്‍ച്ചയില്‍ കടന്നു വന്നു.
മരുഭൂമിയുടെ അനുഭവം മലയാളിക്ക് മതവും രാഷ്ട്രീയവും മാത്രമാണ്. അതിനെ പൊളിച്ചെഴുതിയ സാഹിത്യകാരന് മുസാഫിര്‍ അഹമ്മദ് ‘ബദുക്കളെ’ കുറിച്ച് സംസാരിച്ചു.ഇന്നും വംശീയമായി ഏറെ അധിക്ഷേപിക്കപ്പെടുന്നവരാണ് ‘ബദുക്കള്‍’. പറുദീസകള്‍ നഷ്ടമാകുന്ന മലയാളികള്‍ക്ക് അവരില്‍ നിന്ന് ഏറെ പഠിക്കുവാനുണ്ട് .
തന്റെ നാട് ,അതിന്റെ ഭൂപ്രകൃതി ,ചെറു ജീവികള്‍ , അവയോട് ചേര്‍ന്ന് ജീവിക്കുന്ന കുറേ മനുഷ്യര്‍ അവ തന്റെ കവിതകളെ എങ്ങനെ സ്വാധീനിച്ചുവെന്ന് സി ജോസഫ് വിശദീകരിച്ചു.’മണ്ണ് വിറ്റ് ഒരിറ്റ് മണ്ണു നേടിയവന് അതാണ് മനുഷ്യന്’
ചോദ്യോത്തരവേളയും വിജ്ഞാന പ്രദമായിരുന്നു. കണ്ടല്‍ക്കാടിന്റെ പുത്രന് പുതിയ ആവാസ വ്യവസ്ഥയെ കാത്തു സൂക്ഷിച്ചവന് ശ്രീ.കല്ലേന്‍ പൊക്കുടനെ വേദി സ്മരിച്ചു. കാട് വിട്ടു പോകുമ്പോള്‍ നമ്മുടെ വാഗ്ദേവതയെ നിങ്ങള്‍ക്ക് കൊണ്ടുപോകാന്‍ പറ്റുമോ എന്ന ചോദ്യം എല്ലാവരേയും ഏറെ ചിന്തിപ്പിച്ചു.
എന്തുകൊണ്ടും ഭൂമിക്ക് ചരമഗീതം രചിക്കുന്ന സമൂഹത്തില്‍ നിന്ന് ഭൂമിയുടെ ചെറിയൊരു അവകാശി മാത്രമാണ് മനുഷ്യന് എന്ന ബോധം ഊട്ടി ഉറപ്പിച്ചു ഈ ചര്‍ച്ച.