Home » നമ്മുടെ കോഴിക്കോട് » ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാം; സുപ്രീംകോടതിയുടെ ചരിത്രവിധി

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാം; സുപ്രീംകോടതിയുടെ ചരിത്രവിധി

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതി. പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ചട്ടം കോടതി റദ്ദാക്കി. സ്ത്രീകള്‍ പുരഷന്മാരേക്കാള്‍ താഴ്ന്നവരല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ചരിത്രപരമായ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.വിശ്വാസത്തിന്റെ കാര്യത്തില്‍ ശാരീരികാവസ്ഥകള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും ആര്‍ത്തവ കാലത്ത് ശബരിമലയില്‍ പ്രവേശനം പാടില്ലെന്നത് സംബന്ധിച്ച് ആചാരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

അഞ്ച് ജഡ്ജിമാരില്‍ നാല് പേരും സ്ത്രീകള്‍ക്ക് മലചവിട്ടാം എന്ന അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു.

എട്ടു ദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് മറ്റംഗങ്ങള്‍.

സന്നിധാനത്തെ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് യെങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചപ്പോള്‍ നിലവിലെ ആചാരങ്ങള്‍ തുടരണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് തുല്യത, വിവേചനം ഇല്ലാതാക്കല്‍ മതസ്വാതന്ത്ര്യം എന്നീ ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണോ, സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അനിവാര്യമായ മതാചാരമാണോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ച് ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം പരിഗണിച്ചത്. ശബരിമല ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ചാല്‍ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നിലനില്‍ക്കുമോയെന്നും, ഒരു പൊതു ആരാധനാലയത്തിന് ധാര്‍മ്മികതയുടെ പേരില്‍ സ്ത്രീപ്രവേശനത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയുമോയെന്നും കോടതി പരിഗണിച്ചു.

ശബരിമല പ്രവേശന നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് വുമണ്‍സ് ലോയേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ എട്ട് ദിവസമായിരുന്നു കോടതി വാദം കേട്ടത്. ഹര്‍ജിക്കാരുടെ ആവശ്യത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല തന്ത്രി, പന്തളം രാജാവ്, എന്‍എസ്എസ്, ഹിന്ദു സംഘടനകള്‍ എന്നിവര്‍ എതിര്‍ത്തു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് വാദം കേള്‍ക്കലിനിടെ സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 10 മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം വിലക്കുന്നത് ഭരണഘടനയുടെ ധാര്‍മ്മികതയ്ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply