Home » ഇൻ ഫോക്കസ് » ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ദേവസ്വം കമ്മീഷണര്‍

ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ദേവസ്വം കമ്മീഷണര്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു. പുനഃപരിശോധന ഹര്‍ജി നല്‍കിയാലും അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും എന്‍ വാസു പറഞ്ഞു.

സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി ചര്‍ച്ച നടത്തും. സ്ത്രീകള്‍ക്ക് സുരക്ഷയും മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടത് ബോര്‍ഡിന്റെ ചുമതലയാണെന്നും വാസു പറഞ്ഞു. പമ്പയിലും നിലയ്ക്കലിലും ഇപ്പോഴുള്ള ശൗചാലയങ്ങളില്‍ ഒരുവിഭാഗം സ്ത്രീകള്‍ക്കുവേണ്ടി മാറ്റിവെക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ശൗചാലയങ്ങള്‍ക്ക് പിങ്ക് നിറം നല്‍കും. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

പമ്പയിലും സന്നിധാനത്തും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. പമ്പയില്‍ സ്ത്രീകള്‍ക്ക് കുളിക്കാനും വസ്ത്രം മാറാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. പതിനെട്ടാംപടിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന പൊലീസ് മേധാവിയുമായി തിങ്കളാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും.

വനിതാ ജീവനക്കാരെ ആവശ്യമെങ്കില്‍ സന്നിധാനത്ത് നിയമിക്കും. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അടുത്ത ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. പമ്പയില്‍ ഇപ്പോള്‍തന്നെ വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പത്തിനും അമ്പതിനുമിടെയുള്ള വനിതകള്‍ എത്തിയാല്‍ അവരെ സുരക്ഷിതമായി അവിടെതന്നെ നിലനിര്‍ത്തുന്നതിനാണ് അവരെ നിയോഗിച്ചിരുന്നത്.

സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ജീവനക്കാരെയും നിയമിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ അത്തരം ജീവനക്കാരെ നിയോഗിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കും. സുപ്രീംകോടതി വിധി അനുസരിച്ച് സ്ത്രീകളായ ഭക്തര്‍ ശബരിമലയില്‍ എത്തിയാല്‍ അവരെ തടയാനാകില്ല. സുപ്രീംകോടതി വിധിയില്‍ എന്താണോ പറഞ്ഞിട്ടുള്ളത് അത് നടപ്പിലാക്കുമെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി.

Leave a Reply