Home » നമ്മുടെ കോഴിക്കോട് » കേരളത്തിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി

പ്രളയത്തെ ജാതിമത ഭേദമന്യേ നേരിട്ട കേരളത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരില്‍ ബോധപൂര്‍വം ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഐക്യത്തിന് കാരണം നവോത്ഥാന പ്രസ്ഥാനങ്ങളാണ്. മുമ്പ് സംസ്ഥാനത്തെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് മുമ്പുള്ള കാലമായിരുന്നു.

നാടിന് മുന്നേറാന്‍ സാധിക്കുന്നത് യാഥാസ്ഥിതിക ചിന്തകള്‍ വെടിയുന്നതിന്റെ ഫലമായിട്ടാണ്. സ്ത്രീകളുടെ ജീവിതത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇടപെട്ടിരുന്നു. ഇതു കാരണം സ്ത്രീകളുടെ ജീവിതത്തിലും മാറ്റത്തിന്റെ കാറ്റുവീശി. കോടതിവിധിയേയും സര്‍ക്കാര്‍ നിലപാടുകളേയും ഈ പശ്ചാത്തലത്തിലാണ് നമ്മള്‍ മനസിലാക്കേണ്ടത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 1991ലെ ഹൈക്കോടതി വിധി വന്നതും സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമല്ല. നിലവിലെ സുപ്രീം കോടതിക്ക് പിന്നിലും സര്‍ക്കാര്‍ ഇടപെട്ടില്ല.

എസ് മഹേന്ദ്രേന്‍ ഹൈക്കോടതി ജഡ്ജിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് 1991 ലെ വിധി വന്നത്. പൊതുതാത്പര്യ ഹര്‍ജിയായി ഈ കത്ത് പരിഗണിച്ച ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കയറുന്നത് വിലക്കി. തുടര്‍ന്ന് വന്ന സര്‍ക്കാരുകള്‍ ഈ വിധി നടപ്പാക്കുകയായിരുന്നു. ഇതിന്റെ വാദം സുപ്രീംകോടതിയിലെത്തിയപ്പോള്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. സര്‍ക്കാരിന്റെ നിലപാട് എല്ലാവരെയും പ്രവേശിപ്പിക്കണമെന്നതാണ്. ഇത് 2007ലെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

Leave a Reply