Home » ഇൻ ഫോക്കസ് » ശബരിമലയിലെ നട അടയ്ക്കല്‍; നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള

ശബരിമലയിലെ നട അടയ്ക്കല്‍; നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള

ശബരിമലയിലെ നട അടയ്ക്കല്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നിലപാട് മാറ്റി. തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചത്. കണ്ഠര് രാജീവരുടെ പേര് പറഞ്ഞിട്ടില്ല. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

നേരത്തെ ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് രേഖമൂലം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു.

ആചാരലംഘനങ്ങളെ കുറിച്ചും അതുണ്ടായാല്‍ നടത്തേണ്ട പരിഹാരക്രിയകളെ കുറിച്ചും തന്ത്രിയെന്ന നിലയില്‍ തനിക്ക് അറിവുണ്ട്. കുടുംബ പ്രതിനിധിയുമായി ആശയവിനിമയം നടത്തിയിരുന്നു. ശ്രീധരന്‍പിള്ള ഉള്‍പ്പെടെ ആരുമായും ആശയവിനിമയം നടത്തിയിട്ടില്ല. ആവശ്യമെങ്കില്‍ തന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രനട അടച്ചിടുന്നത് സംബന്ധിച്ച് തന്ത്രി താനുമായി ആശയവിനിമയം നടത്തിയെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. ഇതു വിവാദമായതിനെ തുടര്‍ന്നാണ് ദേവസ്വംബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടുകയും തന്ത്രി നിഷേധിക്കുകയും ചെയ്ത പശ്ചത്താലത്തിലാണ് ശ്രീധരന്‍ പിള്ളയും നിലപാട് മാറ്റിയിരിക്കുന്നത്.

Leave a Reply