Home » ഇൻ ഫോക്കസ് » ശബരിമല യുവതീപ്രവേശന വിധിക്ക് സ്‌റ്റേ ഇല്ല

ശബരിമല യുവതീപ്രവേശന വിധിക്ക് സ്‌റ്റേ ഇല്ല

ശബരിമല യുവതീപ്രവേശന വിധിക്ക് സ്‌റ്റേ ഇല്ല. യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ജനുവരി 22നാണ് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേംബറില്‍ ചേര്‍ന്ന അഞ്ചംഗ ബെഞ്ചാണ് തീരുമാനം കൈക്കൊണ്ടത്. മൂന്നു മണിക്കാണ് വിധിക്കെതിരെ സമര്‍പ്പിച്ച 49 ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ പരിഗണിച്ചത്.

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അടക്കം എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കും. സുപ്രീംകോടതി രജിസ്ട്രാര്‍ മാധ്യമപ്രവര്‍ത്തകരെ ഈ വിവരങ്ങള്‍ നേരിട്ട് അറിയിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ച് തന്നെയാണ് ജനുവരി 22ന് തുറന്നകോടതിയില്‍ ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

50 പുനഃപരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് കോടതിക്ക് മുന്നില്‍ എത്തിയിരുന്നത്. അതില്‍ 49 എണ്ണമാണ് കോടതി പരിഗണിച്ചത്. ശബരിമല മുഖ്യതന്ത്രി, ശബരിമല തന്ത്രിമാരില്‍ ഒരാളായ കണ്ഠരര് രാജീവര്, നായര്‍ സര്‍വീസ് സൊസൈറ്റിക്കു വേണ്ടി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, പന്തളം കൊട്ടാരം നിര്‍വാഹക സമിതി, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവ സമാജം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി സി ജോര്‍ജ് എംഎല്‍എ, യോഗ ക്ഷേമ സഭ എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയവരില്‍ പ്രമുഖര്‍. പതിനഞ്ചോളം സ്വകാര്യവ്യക്തികളും പുനഃപരിശോധന ഹര്‍ജി നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. ജി വിജയകുമാര്‍, എസ് ജയാ രാജ് കുമാര്‍, ശൈലജ വിജയന്‍ ആന്‍ഡ് അദേഴ്‌സ്, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്

Leave a Reply