Home » ഇൻ ഫോക്കസ് » ശബരിമലയില്‍ പ്രതിഷേധം വേണ്ടെന്ന് ഹൈക്കോടതി

ശബരിമലയില്‍ പ്രതിഷേധം വേണ്ടെന്ന് ഹൈക്കോടതി

ശബരിമലയില്‍ നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. സംഘര്‍ഷം കണക്കിലെടുത്ത് പൊലീസ് ഏര്‍പ്പെടുത്തിയ ക്രമസമാധാനത്തിന് വേണ്ടിയല്ലാത്ത നിയന്ത്രണങ്ങള്‍ ഹൈക്കോടതി നീക്കി. ശരണം വിളിയും നാമജപവും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. ദര്‍ശനം നടത്താനെത്തുന്നവര്‍ ധര്‍ണയോ മറ്റു പ്രതിഷേധങ്ങളോ നടത്തരുതെന്നും കോടതി ഉത്തരവിട്ടു.

തീര്‍ത്ഥാടനം കൂടുതല്‍ സുഗമമാക്കാന്‍ മൂന്നംഗ നീരീക്ഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍.രാമന്‍, ഉന്നതാധികാര സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരാണു നിരീക്ഷണ സംഘത്തിലുള്ളത്.

തിരുമുറ്റത്തും നടപ്പന്തലിലും തിരക്കു നിയന്ത്രിക്കാന്‍ പൊലീസിനു ന്യായമായ നടപടികളാകാം. സ്ത്രീകള്‍ ഉള്‍പ്പെടെ ദര്‍ശനത്തിന് എത്തുന്നവരെയും വിശ്രമിക്കുന്നവരെയും വേര്‍തിരിക്കാന്‍ നടപ്പന്തലില്‍ സംവിധാനം വേണം. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്കു വിശ്രമത്തിനുള്ള സ്ഥലം വേണം. നടപ്പന്തലിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ കാവല്‍ ഉറപ്പാക്കണം. അതേസമയം, മണ്ഡലകാലത്തിന്റെ ആരംഭം മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയില്‍ കോടതി ഇടപെട്ടില്ല. നിരോധനാജ്ഞ നടപ്പാക്കുന്നതിനു വേണ്ട ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന സര്‍ക്കാര്‍ വാദവും അംഗീകരിച്ചില്ല.

സമാധാനപരമായ ദര്‍ശനം തകിടംമറിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിന് ഇടപെടുകയും ന്യായമായ പരിശോധനയും ചോദ്യംചെയ്യലും നടത്തുകയും ചെയ്യാം. ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടും വിവിധ ഹര്‍ജികളും പരിഗണിച്ചാണു ജസ്റ്റിസ് പി.ആര്‍.രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് എന്‍.അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നടയടച്ച ശേഷം ഭക്തര്‍ സന്നിധാനത്തു തങ്ങുന്നതും നടപ്പന്തലില്‍ വിരിവയ്ക്കുന്നതും കെഎസ്ആര്‍ടിസി രാത്രി സര്‍വീസ് നടത്തുന്നതും മറ്റും പൊലീസ് നിയന്ത്രിച്ചതിനെ ചൊല്ലിയായിരുന്നു ഹര്‍ജികളിലെ പ്രധാന പരാതികള്‍.

Leave a Reply