Home » നമ്മുടെ കോഴിക്കോട് » ഇരിക്കാനുള്ള അവകാശം; സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി ഷോപ്പുകളില്‍ തൊഴിൽ വകുപ്പിന്റെ പരിശോധന

ഇരിക്കാനുള്ള അവകാശം; സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി ഷോപ്പുകളില്‍ തൊഴിൽ വകുപ്പിന്റെ പരിശോധന

തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിക്കാനുളള അവകാശം ഉറപ്പാക്കുന്ന നിമയം നടപ്പാക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി തൊഴില്‍ നൈപുണ്യവകുപ്പ് സംസ്ഥാനത്തെ ടെകസ്റ്റൈല്‍സ്, ജ്വല്ലറി ഷോപ്പുകളില്‍ മിന്നില്‍ പരിശോധന. മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന. സംസ്ഥാനത്തെ 239 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 115 സ്ഥാപനങ്ങളില്‍ ചട്ടലംഘനമുള്ളതായി കണ്ടെത്തി.

ഇവര്‍ക്ക് തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള സൗകര്യം മൂന്നു ദിവസത്തിനകം ഉറപ്പുവരുത്തുന്നതിന് നോട്ടീസ് നല്‍കി. സൗകര്യം മൂന്നു ദിവസത്തിനകം ഉറപ്പുവരുത്തിയ ശേഷം സ്ഥാപന ഉടമ ഇതു സംബന്ധിച്ച വിവരം ഓഫീസില്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചതായി ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതിനാണ് തൊഴില്‍ നൈപുണ്യവകുപ്പിന്റെ തീരുമാനം.

1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയത്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ പീഡനങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥിതികളും നിയമത്തിലുണ്ട്. ജോലിക്കിടയില്‍ ഇരിക്കാനും വിശ്രമിക്കാനുമുള്ള അവസരത്തിനായി വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീതൊഴിലാളികള്‍ സമരരംഗത്തിറങ്ങിയിരുന്നു. വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റോറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്. കാലങ്ങളായി തുടരുന്ന ഇവരുടെ പ്രശ്നം കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply