Home » കവർ സ്റ്റോറി » മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പൊതുമേഖലാ ബാങ്കുകള്‍ പിടിച്ചത് 10,000 കോടി

പൊതുമേഖലാ ബാങ്കുകള്‍ മൂന്നര വര്‍ഷം കൊണ്ട് പിഴയിനത്തില്‍ പിടിച്ചത് 10,000 കോടി രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും സൗജന്യ തവണകള്‍ക്ക് പുറമേ എടിഎം ഇടപാടുകള്‍ നടത്തിയ ഇനത്തിലുമാണ് ഇത്രയും തുക ബാങ്കുകള്‍ നേടിയത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വകാര്യ മേഖലയിലെ ബാങ്കുകളും മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് പിഴ ഈടാക്കി വന്‍ തുക കൈക്കലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം പറയുന്നില്ല.

പാര്‍ലമെന്റില്‍ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ 2012ല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ നിര്‍ത്തലാക്കിയതായും 2017 ഏപ്രിലില്‍ വീണ്ടും തുടങ്ങിയതായും പറയുന്നു. 2017 ഒക്ടോബറില്‍ മിനിമം ബാലന്‍സ് തുക കുറച്ചതായും മറുപടിയില്‍ വ്യക്തമാക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല. എന്നാല്‍ സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ പിഴ ഈടാക്കുന്നത് തുടരുന്നുണ്ട്.

വിവിധ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള അധികാരം ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്നുണ്ടെന്ന് മറുപടിയില്‍ പറയുന്നു.

റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം രാജ്യത്തെ ആറ് മെട്രോ നഗരങ്ങളിലെ എടിഎമ്മുകളില്‍ മാസത്തില്‍ മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണിത്. മറ്റിടങ്ങളില്‍ ഇത് അഞ്ച് സൗജന്യ ഇടപാടുകളാണെന്നും അധികമായി വരുന്ന ഓരോ ഇടപാടിനും ഉപഭോക്താവില്‍നിന്ന് 20 രൂപ ഈടാക്കുമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

Leave a Reply