Home » ന്യൂസ് & വ്യൂസ് » ശബരിമല യുവതീ പ്രവേശനം തങ്ങളുടെ പരിധിയില്‍ വരില്ലെന്ന് നിരീക്ഷക സമിതി

ശബരിമല യുവതീ പ്രവേശനം തങ്ങളുടെ പരിധിയില്‍ വരില്ലെന്ന് നിരീക്ഷക സമിതി

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സമിതിയോട് ആരും ഉപദേശം ചോദിച്ചിട്ടില്ല. നിലവിലെ സംവിധാനങ്ങളെ കുറിച്ചുള്ള തൃപ്തിയും അതൃപ്തിയും ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം മന്ത്രിക്ക് എന്തും പറയാമെന്നും സമിതി അംഗമായ ജസ്റ്റിസ് പി.ആര്‍. രാമന്‍ പറഞ്ഞു. ശബരിമല പ്രശ്‌നങ്ങളില്‍ നിന്ന് നിരീക്ഷണ സമിതിക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ നിരീക്ഷണ സമിതിക്ക് ഉത്തരവാദിത്വമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ നിരീക്ഷണ സമിതി രംഗത്ത് വന്നത്.

അതേസമയം, ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ മരക്കൂട്ടത്തിന് സമീപം തടഞ്ഞ സംഭവത്തില്‍ 200 ഓളം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. മരക്കൂട്ടത്തു വെച്ച് യുവതികളെ തടഞ്ഞ 150 പേര്‍ക്കെതിരെയും സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ബിന്ദു, കനകദുര്‍ഗ എന്നിങ്ങനെ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയത്. ഇവരുടെ യാത്ര അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ നീക്കി യാത്ര തുടര്‍ന്നെങ്കിലും അടിക്കടിയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു.

Leave a Reply