Home » മതം/പാരമ്പര്യം » ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം തടയാനാകില്ലെന്ന് മന്ത്രി കെ രാജു

ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം തടയാനാകില്ലെന്ന് മന്ത്രി കെ രാജു

അഗസ്ത്യാര്‍കൂടത്തില്‍ ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു. ഈ വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ തന്നെ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്നാണ് മന്ത്രി കെ രാജുവിന്റെ വിശദീകരണം.

ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യവും മന്ത്രി തള്ളി. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിന് വിലക്കുണ്ടാവില്ല. എന്നാല്‍ അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറുന്നതിനെതിരെ ആദിവാസി വിഭാഗം വന്‍പ്രതിഷേധവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. അതിരുമല കടന്ന് സ്ത്രീകള്‍ പ്രവേശിച്ചാല്‍ പ്രതിഷേധിക്കുമെന്നാണ് കാണി വിഭാഗത്തിന്റെ നിലപാട്. തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് ഒന്ന് വരെ 41 ദിവസമാണ് അഗസ്ത്യാര്‍കൂട യാത്ര.

നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരേ സ്ത്രീ കൂട്ടായ്മകള്‍ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടയാക്കിയത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. 14 വയസ്സിന് മുകളില്‍ പ്രായവും കായികക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിലുണ്ട്.

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറിയാല്‍ വിലക്കുമെന്ന് ആദിവാസി ഗോത്രമഹാസഭയ്ക്ക് കീഴിലുള്ള സ്ത്രീകളുടെ കൂട്ടായ്മയും വ്യക്തമാക്കിയിരുന്നു. സ്ത്രീകളെത്തുന്നത് ആചാരലംഘനമാണെന്നാണ് ഇവരുടെ വാദം. യാത്ര തുടങ്ങുന്ന ജനുവരി 14ന് ബോണക്കാട് പ്രതിഷേധ യജ്ഞം സംഘടിപ്പിക്കാനാണ് ആദിവാസി സ്ത്രീ കൂട്ടായ്മയുടെ പദ്ധതി.

Leave a Reply