Home » നമ്മുടെ കോഴിക്കോട് » മിഠായി തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു

മിഠായി തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു

കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. കോഴിക്കോട് സിറ്റി പൊലീസാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ കാണുന്നവരെ സംബന്ധിക്കുന്ന വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്ന കുറിപ്പും ചിത്രങ്ങളിലുണ്ട്.

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചിരുന്നു. കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് പല സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വ്യാപകമായ ആക്രമണം അഴിച്ചുവിട്ട സംഘം ഒരു മതവിഭാഗത്തിനെതിരെ ഭീഷണി മുഴക്കി. സമരത്തില്‍ ആക്രമി സംഘം വിദ്വേഷ മുദ്രാവാക്യം മുഴക്കിയതും പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

പ്രദേശത്ത് ലാത്തിചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് ആക്രമി സംഘം ഓടിയൊളിച്ച സംഘടനയുടെ ഓഫീസില്‍ നിന്നും പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു. കേസില്‍ 100 ഓളം പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കമുള്ളവരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply