Home » നമ്മുടെ കോഴിക്കോട് » ഇഖാമ പുതുക്കുന്നതില്‍ വീഴ്ചവരുത്തുന്നവരെ നാടുകടത്തും: സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

ഇഖാമ പുതുക്കുന്നതില്‍ വീഴ്ചവരുത്തുന്നവരെ നാടുകടത്തും: സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്

താമസാനുമതി രേഖയായ ഇഖാമ പുതുക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്ന വിദേശ തൊഴിലാളികളെ നാടു കടത്തുമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇഖാമ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.

ഹവിയ്യതു മുഖിം എന്നറിയപ്പെടുന്ന അഞ്ചു വര്‍ഷം കാലാവധിയുളള താമസാനുമതി രേഖയാണ് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് മൂന്ന് വര്‍ഷമായി വിതരണം ചെയ്യുന്നത്. ഓരോ വര്‍ഷവും പുതിയ കാര്‍ഡ് വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് അഞ്ച് വര്‍ഷം കാലാവധിയുളള കാര്‍ഡ് വിതരണം ആരംഭിച്ചത്. ഇതില്‍ കാലാവധി അവസാനിക്കുന്ന തീയതി രേഖപ്പെടുത്താറില്ല. എന്നാല്‍ ഓരോ വര്‍ഷവും നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനില്‍ ഇഖാമ പുതുക്കണമെന്നാണ് വ്യവസ്ഥ.

ഇഖാമ പുതുക്കാത്തവര്‍ക്ക് ആദ്യ തവണ 500 റിയാല്‍ പിഴ ഈടാക്കും. രണ്ടാം തവണയും വീഴ്ച വരുത്തുന്നവര്‍ 1000 റിയാല്‍ പിഴ അടക്കണം. എന്നാല്‍ മൂന്നാം തവണയും ഇഖാമ പുതുക്കാത്തവരെ നാടു കടത്തുമെന്ന് പാസ്‌പോര്‍ഡ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ ഹബാസ് പറഞ്ഞു.

കാലാവധി തീര്‍ന്ന ഇഖാമ ഉപയോഗിച്ച് യാത്ര ചെയ്യുന്നതും ജോലിയില്‍ തുടരുന്നതും നിയമ ലംഘനമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

Leave a Reply