Home » ഇൻ ഫോക്കസ് » കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. തൊഴിലാളി സംഘടനാ നേതാക്കള്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് മാറ്റിവയ്ക്കാന്‍ തീരുമാനമായത്. ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവയ്ക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

നേരത്തെ, കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. കോര്‍പറേഷനുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് തൊഴിലാളികളോട് കോടതി ആവശ്യപ്പെട്ടു. നാളെ മുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍വീസുകള്‍ മുടക്കിയുള്ള പണിമുടക്ക് അനുവദിക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സമരം നിയമപരമായ നടപടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സമരവുമായി യോജിക്കാനാകില്ലെന്നും കെ.എസ്.ആര്‍.ടി.സി പൊതുഗതാഗത സംവിധാനമാണെന്ന കാര്യം ഓര്‍മ്മ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. സമരം ചെയ്യാന്‍ അവകാശമുള്ളതു പോലെ അത് നിയന്ത്രിക്കാനും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. അനുരജ്ഞന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉച്ചയ്ക്ക് അറിയിക്കണമെന്നും കോടതി അവശ്യപ്പെട്ടു .

ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിനിധികളുമായി എം.ഡി ടോമിന്‍ ജെ.തച്ചങ്കരി നടത്തിയ ചര്‍ച്ച പരാജയമായതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം തുടങ്ങുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നു.

Leave a Reply