Home » ന്യൂസ് & വ്യൂസ് » ശബരിമലയില്‍ കയറാന്‍ 7564 പേര്‍ ബുക്ക് ചെയ്തിരുന്നു; 51 യുവതികള്‍ മല കയറി: ദേവസ്വം മന്ത്രി

ശബരിമലയില്‍ കയറാന്‍ 7564 പേര്‍ ബുക്ക് ചെയ്തിരുന്നു; 51 യുവതികള്‍ മല കയറി: ദേവസ്വം മന്ത്രി

സുപ്രീം കോടതിയുടെ ശബരിമല യുവതി പ്രവേശനവിധിയുടെ അടിസ്ഥാനത്തില്‍ 51 യുവതികള്‍ മല കയറിയെന്ന് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത്. 10നും 50നും ഇടയില്‍ പ്രായമുള്ളവരാണ് മല കയറിയത്. 7564 പേര്‍ ബുക്ക് ചെയ്തിരുന്നു. അതില്‍ 51പേര്‍ മല കയറി. അവര്‍ക്ക് ആവശ്യമായ സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. സുരക്ഷ ആവശ്യപ്പെട്ട യുവതികള്‍ക്കാണ് സുരക്ഷ നല്‍കിയതെന്നും കടകംപള്ളി വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ 51 സ്ത്രികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്ക് ശേഷം പിന്നീട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയെന്നായിരുന്നു ഇതുവരെ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍, സുപ്രീം കോടതിയില്‍ അറിയിച്ചത് അനുസരിച്ച് 51 യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്.

അതേസമയം, ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ദര്‍ശനം നടത്തിയ 51 യുവതികള്‍ക്കും സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദര്‍ശനം നടത്തിയവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ദര്‍ശനം നടത്തിയ യുവതികളുടെ ലിസ്റ്റ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ഗോവ, തെലങ്കാന സ്വദേശിനികളാണ് ദര്‍ശനം നടത്തിയ യുവതികളിലും കൂടുതലും.

Leave a Reply