Home » ന്യൂസ് & വ്യൂസ് » കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരം തുടങ്ങും

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരം തുടങ്ങും

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താത്ക്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരം തുടങ്ങും. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ച് ജീവനക്കാരുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തും.

പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. ഇതനുസരിച്ച് ഇന്ന് തന്നെ കൂട്ടായ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

സമരത്തോടും പ്രതിഷേധങ്ങളോടും നിഷേധാത്മക സമീപനമാണ് തൊഴിലാളി യൂണിയനും സര്‍ക്കാരും സ്വീകരിച്ചതെന്ന് പിരിച്ചുവിടപ്പെട്ടവര്‍ പറയുന്നു. പലരും ഇനിയൊരു സര്‍ക്കാര്‍ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുള്ളവരാണ്. കോടതി വിധി പ്രതികൂലമായാല്‍, അര്‍ഹമായ നഷ്ടപരിഹാരമെങ്കിലും കിട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇവരുടെ തീരുമാനം.

അതേസമയം താല്‍ക്കാലിക കണ്ടക്ടര്‍മാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേര്‍ ജോലിയില്‍ പ്രവേശിച്ചുവെന്നും 71 പേര്‍ സമയം ചോദിച്ചുവെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു.

3941 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്. നിലവില്‍ അവധിയില്‍ ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. അതിനു ശേഷം മാത്രമെ സ്ഥിരം ഒഴിവുകള്‍ കണക്കാക്കാനാകുവെന്നുമാണ് കെഎസ്ആര്‍ടിസി വിശദീകരണം നല്‍കിയിട്ടുള്ളത്.

Leave a Reply