Home » ന്യൂസ് & വ്യൂസ് » സെവന്‍സിന് മുന്നില്‍ നാഗ്ജി മുട്ടുകുത്തുന്നുവോ?

സെവന്‍സിന് മുന്നില്‍ നാഗ്ജി മുട്ടുകുത്തുന്നുവോ?

കോഴിക്കോടിന്റെ മണ്ണില്‍ കാണികളെ ആവേശത്തിലാഴ്ത്തിയാണ് രണ്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഴ്‌സിയണിഞ്ഞ നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റും 34ാം വര്‍ഷവും മുഴങ്ങുന്ന കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആരവവും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാഗ്ജി മത്സരങ്ങള്‍ക്ക് ഗാലറി ഒഴിഞ്ഞ് കിടക്കുന്നതും കൊയപ്പ മത്സരങ്ങള്‍ക്ക് ടിക്കറ്റ് പോലും ലഭിക്കുന്നില്ലെന്നുമുള്ള വാര്‍ത്തകളാണ് എത്തുന്നത്. കൊയപ്പയും നാഗ്ജിയും കൊമ്പുകോര്‍ക്കുന്നുണ്ടോ എന്ന് നൈനാം വളപ്പ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.വി സുബൈര്‍ പറയുന്നു. 
കേരളത്തില്‍ ലെവന്‍സ് ഫുട്‌ബോള്‍ വഴിമാറിയപ്പോഴാണ് സെവന്‍സും ഇപ്പോള്‍ ഫൈവ്‌സും ഹിറ്റ് ആയത്. ലെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങളെക്കാള്‍ ഇപ്പോള്‍ സെവന്‍സിനും ഫൈവ്‌സിനുമാണ് കാണികള്‍. അത് സ്വാഭാവികം മാത്രമാണ്. ക്രിക്കറ്റില്‍ ട്വന്റി ട്വന്റിയ്ക്ക് ലഭിച്ച സ്വീകരണം പോലെ തന്നെ. ഇകെ നായനാര്‍  ട്രോഫി, ചെക്കോള ട്രോഫി, നാഗ്ജി ട്രോഫി തുടങ്ങിയ ലെവന്‍സ് ടൂര്‍ണമെന്റുകളൊക്കെ നടക്കുന്ന കാലത്ത് മത്സരം കാണാന്‍ അണപൊട്ടിയൊഴുകുന്ന കാണികള്‍ ഉണ്ടായിരുന്നു. പിന്നീട് ഓരോ ടൂര്‍ണമെന്റുകളും നിലച്ചു. കാലങ്ങള്‍ക്ക് ശേഷം നാഗ്ജി പോലുള്ള ടൂര്‍ണമെന്റുകള്‍ തിരിച്ച് വരുമ്പോള്‍ നല്ല സ്വീകരണമാണ് തുടക്കത്തില്‍ ലഭിച്ചത്. സെവന്‍സിനെയും ലെവന്‍സിനെയും താരതമ്യം ചെയ്താല്‍ ലെവന്‍സിന് കാണികള്‍ കുറയും. അത് സ്വാഭാവികം മാത്രമാണ്. ആ സ്വാഭാവിക കുറവ് തന്നെയാണ് നാഗ്ജി മത്സരത്തിലും ഉണ്ടായിരിക്കുന്നത്. കൊയപ്പ പോലെ വര്‍ഷങ്ങളായി പതിവുതെറ്റാതെ നടക്കുന്ന ടൂര്‍ണമെന്റ് നഗരത്തില്‍ നടക്കുമ്പോള്‍ അങ്ങോട്ട് കാണികളുടെ ഒഴുക്കുണ്ടാവും. ലാറ്റിനമേരിക്കന്‍ യൂറോപ്യന്‍ താരങ്ങളാണ് നാഗ്ജി ഫുട്‌ബോള്‍ മത്സരത്തിലുള്ളത്. ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് അല്‍പം സമയം ആവശ്യമായി വരും. അതായിരിക്കാം മത്സരം ഇതുവരെ ചൂട് പിടിക്കാത്തത്. നാഗ്ജി പോലുള്ള മത്സരങ്ങള്‍ ഇനി എല്ലാ വര്‍ഷവും നടക്കുകയാണെങ്കില്‍ സ്വാഭാവികമായും അതിനും കാണികള്‍ ഉണ്ടാവുക തന്നെ ചെയ്യും. ഒരാഴ്ച പിന്നിട്ടതിനാല്‍ ഇനിയുള്ള മത്സരത്തില്‍ ഒഴുക്കുണ്ടാകും. പ്രാദേശിക താരങ്ങളെ ഉള്‍പ്പെടുത്തി സെവന്‍സ് സംഘടിപ്പിക്കുന്ന പോലെയല്ല, വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി ലെവന്‍സ് സംഘടിപ്പിക്കുന്നത്. അതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചേ മതിയാകൂ. പ്രാദേശിക/ ഇന്ത്യന്‍ ടീമുകള്‍ ഇല്ല എന്നത് നാഗ്ജിയെ പ്രതീകൂലമായി ബാധിച്ചിട്ടുണ്ട്.  ഇന്ത്യന്‍ ടീമുകളെയോ താരങ്ങളെയോ മനപ്പൂര്‍വ്വം ഒഴിവാക്കിയതല്ല. അവസാഘട്ടംവരെ താരങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതാണ്. നടന്നില്ല. പക്ഷെ അത് വലിയൊരു കുറവ് തന്നെയാണ്. അടുത്ത തവണ അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം.

Leave a Reply