Home » നമ്മുടെ കോഴിക്കോട് » ജില്ലാ ഭരണകൂടം ഇനി ജനങ്ങള്‍ക്ക് ‘ഒപ്പം’

ജില്ലാ ഭരണകൂടം ഇനി ജനങ്ങള്‍ക്ക് ‘ഒപ്പം’

പൊതുജനങ്ങളെ ജില്ലാ ഭരണകൂടവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും പരാതികളിലും, അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനമെടുക്കുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എല്ലാ ആഴ്ചകളിലും ജില്ലയിലെ പഞ്ചായത്ത് / മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിച്ച് തീര്‍പ്പുകല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഒപ്പം’ എന്ന പേരില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു.

വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച് എല്ലാ വ്യാഴാഴ്ചയും രണ്ട് മണി മുതല്‍ അഞ്ച് മണി വരെ അദാലത്ത് നടത്തും.

സ്വീകരിക്കുന്ന അപേക്ഷകളില്‍ സാധ്യമാകുന്നവ ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന അന്നു തന്നെ പരിഹരിക്കും.

തുടര്‍പരിശോധന ആവശ്യമായവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്ക് നല്‍കി എത്രയും പെട്ടന്ന് നടപടി പൂര്‍ത്തീകരിച്ച് അപേക്ഷകര്‍ക്ക് വിവരം നല്‍കും.

വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, എസ്.എച്ച്.ഒ മാര്‍, കൃഷി ഓഫീസര്‍മാര്‍, എസ്.സി/ എസ്.ടി പ്രമോട്ടര്‍മാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരാതികള്‍ തീര്‍പ്പാക്കും.

എസ്.സി/ എസ്.ടി , പിന്നോക്ക വിഭാഗങ്ങളുടെ കോളനികള്‍ ജില്ലാ കളക്ടര്‍ അന്നേ ദിവസം നേരില്‍ സന്ദര്‍ശിച്ച് പരാതി സ്വീകരിക്കും.

ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ആവശ്യമുള്ള, പഞ്ചായത്ത് നിര്‍ദേശിക്കുന്ന പ്രശ്‌നങ്ങളും ഇതോടൊപ്പം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കും.

Leave a Reply