ഓരോ മാസവും കൂടിക്കൂടി വരുന്ന വൈദ്യുതി ബില്‍ കണ്ട് കണ്ണു തള്ളിപ്പോയവര്‍ തീര്‍ച്ചയായും രജിത്തിനെ പരിചയപ്പെടണം. എങ്ങനെ വൈദ്യുതി ബില്‍ കുറയ്ക്കാം എന്നതിനുള്ള പ്രധാന ഉത്തരം വെളിച്ചത്തിനായി എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക എന്നതാണ്. എല്‍ഇഡി ബള്‍ബുകള്‍ സ്വന്തമായി ഉണ്ടാക്കാനുള്ള പരിശീലനം കോഴിക്കോട് കോട്ടൂളി സ്വദേശി രജിത്ത് നല്‍കും. വെറും ആറ് മണിക്കൂര്‍ കൊണ്ടാണ് വീട്ടിലിരുന്നുകൊണ്ട് സ്വന്തമായി എല്‍ഇഡി ലൈറ്റും എമര്‍ജന്‍സി ലാമ്പും നിര്‍മ്മിക്കാനുള്ള പരിശീലനം രജിത്ത് നല്‍കുന്നത്. ദിവസം രണ്ട് മണിക്കൂര്‍ വീതം മൂന്നു ദിവസം കൊണ്ട് വിദ്യ സ്വായത്തമാക്കാം. സിഎഫ്എല്‍ ബള്ബുകളെക്കാള് വെളിച്ചവും വൈദ്യുത ഉപയോഗം കുറവുമാണെന്നതാണ് എല്‍ഇഡി ബള്‍ബുകളുടെ പ്രധാന പ്രത്യേകത. എന്നാല്‍ വിപണിയില്‍ എല്‍ഇഡി ബള്‍ബുകള്‍ക്ക് നിലവില്‍ വലിയ വിലയാണ് എന്നതാണ് ഗാര്‍ഹിക ഉപഭോക്താക്കളെ വലയ്ക്കുന്ന പ്രധാന പ്രശ്നം. 40 വാട്സ് സിഎഫ്എല്‍ കത്തിക്കുന്ന അതേ പ്രകാശം 15 വാട്സ് സിഎഫ്എല്‍ കത്തിക്കുമ്പോള്‍ കിട്ടും. രജിത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ജയിലിലെ തടവുകാര്‍ക്ക് ഉള്‍പ്പടെ 2700 പേര്‍ക്ക് പരിശീലനം നല്കി കഴിഞ്ഞു. ഇപ്പോള്‍ സൗജന്യമായാണ് രജിത്ത് പരിശീലനം നല്‍കുന്നത്. ശനിയഴ്ച വരെ ഇത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഫോണ്‍: 9037288298
