Home » ആരോഗ്യം » നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ ഇല്ലെന്ന് പരിശോധനാഫലം

നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ ഇല്ലെന്ന് പരിശോധനാഫലം

കൊച്ചിയിലെ നിപ ബാധിതനുമായി അടുത്തിടപഴകിയ ആറുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലമണ് പുറത്തു വന്നത്. അയച്ച ആറ് സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ല.

നിപ രോഗിയുമായി അടുത്തിടപഴകിയ ഇവരില്‍ പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ ശരീര സ്രവങ്ങളുടേയും രക്തത്തിന്റേയും സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും നെഗറ്റീവ് ആയിരുന്നു ഫലം.

നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര്‍ ഇപ്പോള്‍ ഐസലോഷന്‍ വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ആറ് പേര്‍ക്ക് നിപ ഇല്ലെന്ന പരിശോധനാഫലം ഏറെ ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ഭേദപ്പെട്ടാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളുവെന്നും ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
രോഗം വലിയ അളവില്‍ വ്യാപിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ആശങ്കയൊഴിഞ്ഞാലും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply