Home » ന്യൂസ് & വ്യൂസ് » മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

ബിജെപിയുടെ ശക്തയായ നേതാവും മുന്‍ വിദേശ കാര്യമന്ത്രിയുമായിരുന്ന സുഷമാ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമാണ്.

ലോക്‌സഭയിലെ മുന്‍പ്രതിപക്ഷ നേതാവ്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയില്‍ സംസ്ഥാന മന്ത്രി. നാല് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.1996,1998,1999 വാജ്‌പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാര്‍ത്താ വിതരണ പ്രക്ഷേപണം, വാര്‍ത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തു.

1952 ഫെബ്രവരി 14ന് ജനിച്ച സുഷമ എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തു. 1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടിയില്‍ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവര്‍ 1990ല്‍ രാജ്യസഭാംഗമായി. 1998ല്‍ ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.

ഹരിയാനയിലെ കര്‍ണാല്‍ ലോക്സഭാ മണ്ഡലത്തില്‍ ’80, ’89 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്. രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്. രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്. ബന്‍സൂരി ഏക പുത്രി.

Leave a Reply