Home » ന്യൂസ് & വ്യൂസ് » തരിഗാമിയെ ഡൽഹി എയിംസിലേക്ക്‌ മാറ്റാൻ സുപ്രീകോടതി ഉത്തരവ്‌

തരിഗാമിയെ ഡൽഹി എയിംസിലേക്ക്‌ മാറ്റാൻ സുപ്രീകോടതി ഉത്തരവ്‌

ശ്രീനഗറിൽ വീട്ടുതടങ്കലിലുള്ള സിപിഎം നേതാവ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച സത്യവാങ്മൂലത്തിന്‍റെയും ഹർജിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. നാല് തവണ കുൽഗാം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ അനധികൃതമായാണ് തടങ്കലിൽ വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യെച്ചൂരി ഹർജി നൽകിയത്.

സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവും അനുമതിയും തേടി സീതാറാം യെച്ചൂരി ശ്രീനഗറിലേക്ക് തരിഗാമിയെ കാണാൻ പോയിരുന്നു. പ്രത്യേക സുരക്ഷയോടെയാണ് യെച്ചൂരി അന്ന് തരിഗാമിയെ കാണാൻ പോയത്. ഒരു ദിവസം ശ്രീനഗറിൽ തരിഗാമിയ്ക്ക് ഒപ്പം തങ്ങാൻ അനുവദിക്കണമെന്ന യെച്ചൂരിയുടെ അപേക്ഷ അന്ന് അധികൃതർ അംഗീകരിക്കുകയും ചെയ്തു.

തരിഗാമിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വീട്ടുതടങ്കലിലായതിനാൽ ചികിത്സയ്ക്ക് ഒരു വഴിയുമില്ല. 72 വയസ്സുള്ള തരിഗാമിയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കാൻ ജമ്മു കശ്മീർ ഭരണകൂടം ശ്രമിക്കുന്നില്ലെന്നും യെച്ചൂരി ആരോപിച്ചു. ഈ വിവരങ്ങളടക്കമുള്ള ഒരു സത്യവാങ്മൂലം യെച്ചൂരി സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് തരിഗാമിയെ ദില്ലിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.

Leave a Reply