Home » ഇൻ ഫോക്കസ് » അതിന് പിണറായി പാര്‍ട്ടിസെക്രട്ടറിസ്ഥാനം ഒഴിഞ്ഞുവെന്ന് ആരെങ്കിലും വിശ്വസിക്കണ്ടേ?
Image courtesy: Manorama

അതിന് പിണറായി പാര്‍ട്ടിസെക്രട്ടറിസ്ഥാനം ഒഴിഞ്ഞുവെന്ന് ആരെങ്കിലും വിശ്വസിക്കണ്ടേ?

(1)
നവ-പൊതുമാധ്യമങ്ങൾ വീണ്ടുമൊരു സെക്രട്ടറിമാറ്റചർച്ച തുടങ്ങിവെച്ചിരിക്കുകയാണ് സിപിഐ-എമ്മിൽ.

 

(2)
സിപിഐഎമ്മിന്റെ കാൽനൂറ്റാണ്ടിന്റെ ചരിത്രത്തിൽ, സംഘടനാസംവിധാനത്തിന്റെ ഉൾക്കാമ്പിന് മാരകമായ മുറിവേൽപ്പിച്ച ചർച്ച തുടങ്ങിവെച്ചത് എം. എൻ.വിജയനാണ്.

ജനകീയാസൂത്രണകാലംതൊട്ടുള്ള ‘പ്രത്യയശാസ്ത്ര വിപര്യയ’മാണ് വിജയന്റെ സവ്യസാചീപാടവത്തിന് ശരവ്യമായതെങ്കിലും, അമ്പുകൊണ്ടത് സംഘടനയുടെ മർമ്മത്തായിരുന്നു.  തളർന്നത്, നെഞ്ചായ പിണറായി വിജയൻതന്നെയായിരുന്നു.

തുടർന്നണപൊട്ടിയ വിവാദപ്രളയത്തിൽ പിണറായി വിജയൻ മറുകരകടന്നത്, പിണറായിവിജയൻ ആയതുകൊണ്ടുമാത്രമാണെന്നത് നിർവിവാദമാണ്. തന്റെ കമ്യൂണിസ്റ്റ്ഗുരു സഖാവ് കൃഷ്‌ണ(പിള്ളയുടെ)ന്റെ അതേ സ്ഥിതപ്രജ്ഞയിൽ,അക്ഷോഭ്യവും ഏറെക്കുറെ ഏകാന്തവുമായ
നിൽപ്പും കരേറലും!

ജേത്രിയായപ്പോൾ പിന്നെ, ആ കര നിറഞ്ഞുകവിഞ്ഞതും സത്യം.

മുഖ്യമന്ത്രി പിണറായിവിജയനെന്ന, ആ വീരമണികണ്ഠ സ്വരൂപത്തിലെത്തുന്നതിന്റെ തൊട്ടുമുമ്പത്തെ അദ്ധ്യായത്തിന് രണ്ടു മുഖ്യഭാഗങ്ങൾ നമുക്കോർമ്മയുണ്ട്. ‘അരവും കത്തിയും’ നേരിട്ട് ‘മിന്നൽപ്പിണറായി’ ഉദിച്ച ഒരുഭാഗം.

അതിനുമുൻപ്?

ആർഎസ്എസ്സുകാർ കരുതിവെച്ച ഒളിക്കത്തികളെക്കാൾ, തന്റെ ഗുരുനാഥനിൽനിന്നേറ്റ വാഗ്-കുത്തുകളെ അതിജീവിച്ച അദ്ധ്യായം.

 

(3)
പാർട്ടി സെക്രട്ടറി നായകൻ, സെക്രട്ടറിയേറ്റ് പടനായകന്മാർ -ഈ നിലയ്ക്ക്, കേന്ദ്രീകൃതജനാധിപത്യ തത്വത്തിലൂന്നി കെട്ടിപ്പടുത്ത സംഘടനാസംവിധാനം. അതാണ് സിപിഐഎമ്മിന്റേത്.

കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ പൊതുമാതൃക ഇതല്ല,

കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ ഏറുമ്പോഴുള്ള ലോകവ്യാപകമായ പൊതുമാതൃകയും സിപിഐഎം പിന്തുടരുന്ന രൂപത്തിലല്ല.

ഉദാഹരണത്തിന്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടി ചെയർമാൻതന്നെ ഭരണാധിപനും.

അതായത്, കമ്യൂണിസ്റ്റ് സംഘടനാമാതൃകകളുടെയെല്ലാം ഉള്ളിൽ ഇങ്ങനെയൊരു കേന്ദ്രീകരണത്തിനുള്ള സഹജോർജ്ജവും ഉണ്ട്.

 

(4)
‘ഭരണവും സമരവും ഇരുകേന്ദ്രങ്ങളിൽ (നിയമസഭാസെക്രട്ടേറിയറ്റും പാർട്ടിസെക്രട്ടേറിയറ്റും) സമന്വയിക്കുന്ന രീതി കേരളത്തിലെ പാർട്ടിയിൽ എടുത്തുപോയിരിക്കുന്നു; (ചൈനീസ് മാതൃകയിൽ), ർട്ടിയും ഭരണവും ഒരു ബിന്ദുവിൽ; കേരളത്തിൽ അതാണ് പ്രവർത്തിക്കുന്നത്. പാർട്ടിസെക്രട്ടറിതന്നെ മാറിയിട്ടില്ല’ – കമ്യൂണിസ്റ്റ്‌ സംഘടനാസംവിധാനത്തിന്റെ  സാധ്യത-അസാധ്യതകൾ ആഴത്തിലറിയുന്ന തുറന്ന ആക്രമണം.ആദ്യമായി.

കാൽനൂറ്റാണ്ടുകൾക്കിപ്പുറം, എം. എൻ. വിജയൻ-ശിഷ്യന്റെ തുറന്നെഴുത്ത്.

വീണ്ടുമൊരു പ്രത്യശാസ്ത്രവിവാദത്തിലേക്കും ഉൾപ്പാർട്ടിചർച്ചയിലേക്കും സിപിഐ-എമ്മിനെ നിർബന്ധിതമാക്കുന്നു, ഡോ. ആസാദ്.

സിപിഐ എമ്മിന് ഇപ്പോഴെന്തിനാണ് ഒരു മുഴുവന്‍സമയ സെക്രട്ടറി? സെക്രട്ടറിയേറ്റ് എന്ന സംവിധാനമുണ്ടല്ലോ. വെള്ളിയാഴ്‌ച തോറും യോഗം ചേരുന്നുമുണ്ട്. കോടിയേരി അസുഖംമൂലം അല്‍പ്പകാലത്തേക്കു മാറി നിന്നാല്‍ പകരക്കാരനെ വേണ്ടിവരുമെന്ന് മാധ്യമങ്ങള്‍ തീരുമാനിക്കണോ?

ഭരണമുള്ള കാലമാണ്. മുമ്പൊക്കെ ഭരണകാലത്ത് എ കെ ജി സെന്റര്‍ ഉറങ്ങാറില്ല. മുന്നില്‍ തിരക്കൊഴിയാറുമില്ല. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാന തീരുമാനങ്ങളെല്ലാം എ കെ ജി സെന്ററായിരുന്നു എടുത്തുപോന്നത്. പ്രധാന ഫയലുകള്‍ എ കെ ജിസെന്ററോളം സഞ്ചരിക്കുന്ന ഒരു ക്രമമായിരുന്നു അത്.

2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ഥിതി മാറി. വി എസ് കാലത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നു മാത്രം വിളിച്ച ദേശാഭിമാനി പുതിയ സര്‍ക്കാറിനെ പിണറായി സര്‍ക്കാര്‍ എന്നു വിളിച്ചു തുടങ്ങി.

എ കെ ജി സെന്ററില്‍ എടുത്തുപോന്ന തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ കാബിനില്‍ നടക്കുമെന്നായി. വേണമെങ്കില്‍ വെള്ളിയാഴ്‌ചക്കോണ്‍ഗ്രസ് കണ്ണടച്ചു പാസാക്കുകയും ചെയ്യും. ഒരു പാര്‍ട്ടി സെക്രട്ടറി സമരമോ ഭരണമോ ഇല്ലാതെ ദൈനംദിന ഓഫീസ് കാര്യങ്ങളില്‍ വ്യാപൃതനായി കണ്ടു.

അതിനൊരു സെക്രട്ടറിയുള്ളതു നല്ലതുതന്നെ. അഥവാ അയാള്‍ ലീവായാല്‍ തകരില്ല പാര്‍ട്ടി. ഭരണവും തകരില്ല. മുഖ്യമന്ത്രിതന്നെ ധാരാളമാണ്. അദ്ദേഹം പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുവെന്ന് ആരെങ്കിലും വിശ്വസിക്കണ്ടേ? കോടിയേരിയെ പലരും അസിസ്റ്റന്റ് സെക്രട്ടറിയെന്നാണ് സ്വകാര്യമായി വിളിക്കുന്നത്.

എങ്കിലും അദ്ദേഹം മാറുന്നതു നോക്കിയിരിക്കുന്ന പലരുമുണ്ട്. ആരും മോശക്കാരല്ല. കോടിയേരിയെ അതിശയിക്കുന്ന പ്രാഗത്ഭ്യമുണ്ട്. പക്ഷെ, ചെങ്കോല്‍കിട്ടിയാല്‍ വിധംമാറുന്ന കൂട്ടരാണ്.

അങ്ങനെയൊരു പിഴവാണ് വി എസ്സിനു പറ്റിയത്. അത് ആവര്‍ത്തിക്കരുതെന്ന് പിണറായിക്കെങ്കിലും ശ്രദ്ധ കാണും. അത്യാവശ്യമാണെങ്കില്‍ വിജയരാഘവനാവാം എന്നേ ചിന്തവരൂ. എത്രദൂരം പോകാമെന്ന് അളന്നു തൂക്കി അറിഞ്ഞതാണ്. എന്നാലും അതൊന്നും വേണ്ടെന്നു വെയ്ക്കാനേ ഇപ്പോള്‍ തോന്നൂ.

പാര്‍ട്ടിയില്‍ രണ്ടാം നിര എവിടെയെന്നു ചോദിക്കുന്നവരുണ്ട്‌ എന്തൊരു അജ്ഞത. ഈ പാര്‍ട്ടിയില്‍ ഒറ്റ നിരയേയുള്ളു. രണ്ടാം തരക്കാരായി ആരുമില്ല. ഒന്നാം നിരയുടെ മുന്നിലാരാണെന്ന് അറിയാമല്ലോ?

Leave a Reply