Home » ആരോഗ്യം » കൊവിഡ് 19; സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ

കൊവിഡ് 19; സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ തടയുന്നതിന്‍റെ ഭാഗമായി കർശനനടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുന്നു. പനിയോ ചുമയോ അടക്കമുള്ള രോഗങ്ങളുണ്ടായിട്ടും അത് റിപ്പോർട്ട് ചെയ്യാതെ, കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവർ വിവരം മറച്ചുവച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നാളെ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലും സാമ്പിൾ പരിശോധനാ സൗകര്യമൊരുക്കുമെന്നും, തിരുവനന്തപുരത്തും ഈ സൗകര്യം തുടങ്ങാൻ അനുമതി കിട്ടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

”രോഗസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് എത്തിയവർ അത് മറച്ചുവച്ചാൽ പബ്ലിക് ഹെൽത്ത് ആക്ട് അനുസരിച്ച് കേസെടുക്കേണ്ടതായി വരും”, എന്ന് ആരോഗ്യമന്ത്രി പറയുന്നു.

സംസ്ഥാനത്തെമ്പാടും 1116 പേരാണ് കൊവിഡ് ഉണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 967 പേർ വീടുകളിലാണ്. 149 പേർ ആശുപത്രികളിലാണ്. പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ രോഗബാധിതരുമായി ബന്ധപ്പെട്ടവരുടെ കോണ്ടാക്ട് ട്രേസിംഗ് തുടരുകയാണ്. എല്ലാവരെയും കിട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. 270 പേർ ഇവരുമായി നേരിട്ട് ബന്ധം പുലർത്തിയതായി (Primary Contact) കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് ബന്ധം പുലർത്തിയതിൽ 95 പേർ ഉയർന്ന രോഗസാധ്യതയുള്ളവരാണ്. ഇവർക്ക് രോഗബാധയ്ക്കുള്ള ഉയർന്ന റിസ്കുള്ളതിനാൽ കർശനനിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

449 പേർ ഇവരുമായി സെക്കന്‍ററി കോണ്ടാക്ട് പുലർത്തി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുമായും ആരോഗ്യവകുപ്പ് സംസാരിക്കുന്നുണ്ട്. ഇവരും കർശനനിരീക്ഷണത്തിലുണ്ട്. പത്തനംതിട്ടയിൽ അങ്ങനെ കോണ്ടാക്ട് ട്രേസിംഗ് മികച്ച രീതിയിൽത്തന്നെ മുന്നോട്ടുപോകുന്നു. ഇനി ഏതാണ്ട് ആയിരം പേരെക്കൂടി ബന്ധപ്പെടേണ്ടതുണ്ട് – എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.

Leave a Reply