Home » ആരോഗ്യം » കൊറോണ: വിദ്യാലയങ്ങൾക്ക്​ അവധി; സംസ്​ഥാനത്ത്​ അതീവ ജാഗ്രത

കൊറോണ: വിദ്യാലയങ്ങൾക്ക്​ അവധി; സംസ്​ഥാനത്ത്​ അതീവ ജാഗ്രത

ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. മദ്രസ, അങ്കണവാടികളും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കില്ല. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. കല്യാണങ്ങള്‍ ചെറിയ ചടങ്ങായി ഒതുക്കണം. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രം. ദര്‍ശനം ഒഴിവാക്കണം. സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കും. നിയമസഭാ സമ്മേളനം ഒഴിവാക്കില്ല. രോഗം പരമാവധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ രോഗവിവരം മറച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവിവരം മറച്ചുവച്ചാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. രോഗ വ്യാപനം തടയാന്‍ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണം ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. അതു കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ വിദേശത്തുനിന്ന് എത്തിയവരെ കണ്ടെത്തും.

നഗരങ്ങളില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണം തേടും. കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപരത്തുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമായ വാര്‍ത്തകളും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും. മാസ്‌ക് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നു.

Leave a Reply