Home » ഇൻ ഫോക്കസ് » നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി.

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി.

നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ തിഹാർ ജയിലിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികൾ അവസാന നിമിഷം മരണവാറണ്ടിനെതിരെ സമർപ്പിച്ച ഹർജി ഇന്നലെ അർധ രാത്രിയോടെ ഡൽഹി ഹൈക്കോടതിയും പുലർച്ചയോടെ സുപ്രീംകോടതിയും തള്ളിയതോടെയാണ് വധ ശിക്ഷയ്ക്ക് കളമൊരുങ്ങിയത്. പ്രതികളായ മുകേഷ് സിങ് (32), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (25), വിനയ് ശർമ (26) എന്നിവരുടെ ശിക്ഷയാണ് നടപ്പിലായത്. കേസിൽ ആറ് പ്രതികളാണുണ്ടായിരുന്നത്. ആദ്യത്തെ മൂന്ന് മരണവാറണ്ടുകൾക്ക് ശേഷം നാലാമത് പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് ശിക്ഷ നടപ്പിലാക്കിയത്.

2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടുന്ന ബസ്സിൽ വെച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്കും സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ നിർമ്മാണങ്ങൾക്കും സംഭവം വഴിവെച്ചു. രാജ്യമാനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇന്ത്യാ ഗേറ്റും രാഷ്‌ട്രപതി ഭവനും വളഞ്ഞു ഇതുവരെ കാണാത്ത പ്രതിഷേധത്തിനും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചു.

2012 ഡിസംബർ 29 നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. പ്രതികളായ ആറുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു. 9 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ സാകേതിലെ അതിവേഗ കോടതി കേസിലെ നാലു പ്രതികൾക്കും വധശിക്ഷ വിധിച്ചു.

Leave a Reply