Home » ഇൻ ഫോക്കസ് » കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്: ചങ്കിടിപ്പ് ആർക്ക്

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്: ചങ്കിടിപ്പ് ആർക്ക്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നതാണ് ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ ചർച്ച.എം എൽ എ പദവി രാജിവെച്ച് മലപ്പുറത്ത് മത്സരിച്ച് എം പി യായി ഡൽഹിയിലേക്ക് ശ്രദ്ധയൂന്നിയ കുഞ്ഞാലിക്കുട്ടി കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻ്റെ പടിവാതിൽക്കൽ നിൽക്കവേയാണ് വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത്.മുസ്ലീം ലീഗിലും, കേരള രാഷ്ട്രീത്തിലും മൂന്നര പതിറ്റാണ്ടിൻ്റെ പാരമ്പര്യവും രാഷ്ട്രീയ തന്ത്രജ്ഞതയുമാണ് കുഞ്ഞാലി കുട്ടിയുടെ തിരിച്ചുവരവിനെ ശ്രദ്ധേയമാക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിൻ്റെ അമരക്കാരനായി രംഗത്തുണ്ടാവുക പി കെ കുഞ്ഞാലിക്കുട്ടിയാണ്. ജമാഅത്ത് ഇസ് ലാമിയുമായും, സമസ്തയുമായും ,കോൺഗ്രസുമായൊക്കെ ധാരണകളും, സമവായമുണ്ടാക്കാൻ കുഞ്ഞാലിക്കുട്ടി വേണമെന്ന മുസ്ലീം ലീഗ് നേതൃത്വത്തിലെ പ്രബല വിഭാഗത്തിൻ്റെ ചിന്തയും, കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള കുഞ്ഞാലിക്കുട്ടിയുടെ താൽപര്യവുമാണ് തിരിച്ചു വരവിന് വഴിയൊരിക്കിയത്.

കുഞ്ഞാലിക്കുട്ടി തിരിച്ചു വരുന്നത് ലീഗിലും, കോൺഗ്രസിലും, യു ഡി എഫിലും ചലനങ്ങളുണ്ടാക്കും. ലീഗിൽ എം.കെ മുനീർ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷക്കാരനായാണ് അറിയപ്പെടുന്നത്. കുഞ്ഞാലിക്കുട്ടിയുടെ അസാനിധ്യത്തിൽ നിയമസഭാ കക്ഷി ഉപനേതാവായി യുഡിഎഫ് രാഷ്ട്രീയത്തിൽ പ്രധാനിയായി പ്രവർത്തിച്ചു വരുന്ന എം കെ മുനീറിന് പ്രാധാന്യം നഷ്ടപ്പെടുമോ എന്നാണ് കേരള രാഷ്ട്രീയം വരും ദിവസങ്ങളിൽ അറിയാൻ പോകുന്നത്. എം കെ മുനീർ -കെ എം ഷാജി കൂട്ടുകെട്ടാണ് കഴിഞ്ഞ നാളുകളിൽ മുസ്ലീം ലീഗ് അണികളിൽ അവേശം സൃഷ്ടിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാറിനെ കുഞ്ഞൂഞ്ഞ് – കുഞ്ഞു മാണി – കുഞ്ഞാലിക്കുട്ടി സഖ്യമെന്ന് രാഷ്ട്രീയ നിരീക്ഷകരും ,എതിരാളികളും വിശേഷിപ്പിച്ചിരുന്നു. (ഇതിൽ കെ എം മാണി നിര്യാതനായി.) ഈ സഖ്യത്തിലെ കരുത്തനായ കുഞ്ഞാലിക്കുട്ടി തിരിച്ചു വരുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിലും അലയൊലികൾ ഉണ്ടാക്കും . ഉമ്മൻചാണ്ടിയുമായി അടുപ്പമുളള പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തങ്ങളുടെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്ക രമേശ് ചെന്നിത്തല ക്യാമ്പിനുമുണ്ട്. നിർണ്ണായകമായ ഘട്ടത്തിൽ ലീഗിൻ്റെ പിന്തുണ തങ്ങൾക്ക് ലഭിക്കില്ലേ എന്ന സംശയം ചെന്നിത്തല ക്യാമ്പിനുണ്ട്.

കോൺഗ്രസിലും, ലീഗിലും ഇത്തരം ചില ആശങ്കകൾ ഉണ്ടെങ്കിലും മുസ്ലീം സമുദായത്തിലെ എല്ലാ വിഭാഗത്തെയും ഒപ്പം നിർത്താൻ പി കെ കുഞ്ഞാലിക്കുട്ടിക്ക് കഴിയും എന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. എന്നാൽ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന പ്രചാരണവുമുയരുന്നുണ്ട്. ബിജെപി പക്ഷ നേതാക്കളാണ് ചാനൽ ചർച്ചകളിൽ ഈ വാദമുയർത്തിയത്. സി പി മേ മാ ,ഇടത് കക്ഷികളോ ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങൾ അവരും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ധാരണ ശക്തമാക്കാനും മറ്റുമാണ് കുഞ്ഞാലിക്കുട്ടി തിരിച്ചു വരുന്നത് എന്ന വിമർശനം സിപിഎം മുഖപത്രം ദേശാഭിമാനി ഉയർത്തിയിട്ടുണ്ട്

എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ഉറപ്പായി.

Leave a Reply