Home » എഡിറ്റേഴ്സ് ചോയ്സ് » മന്ത്രി ജലീലിനെ കുടുക്കിയത് വാരിയൻകുന്നൻ വിവാദം; ഗവേഷണപ്രബന്ധം അബദ്ധപഞ്ചാംഗമെന്നു കണ്ടെത്തിയതങ്ങനെ

മന്ത്രി ജലീലിനെ കുടുക്കിയത് വാരിയൻകുന്നൻ വിവാദം; ഗവേഷണപ്രബന്ധം അബദ്ധപഞ്ചാംഗമെന്നു കണ്ടെത്തിയതങ്ങനെ

‘വാരിയംകുന്നൻ അടുത്ത കാലത്ത് ചർച്ചവിഷയമായപ്പോൾ മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചു. അപ്പോൾ മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയിൽപെട്ടു. പുതിയ ഗവേഷണഫലമൊന്നും കണ്ടെത്തിയിട്ടില്ലാത്ത പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് നൽകിയതെന്നു മനസ്സിലായി. എഴുത്തിലാകെ വ്യാകരണ-അക്ഷര പിശകുകളും. പ്രബന്ധം സർവകലാശാലയ്ക്കും അക്കാദമിക ലോകത്തിനും അപമാനമാണ്’

കൈയിൽ കിട്ടിയ നൂറുകണക്കിന് ഉദ്ധരണികൾ അക്ഷരത്തെറ്റുകളോടെ പകർത്തിയെഴുതി പ്രബന്ധമായി സമർപ്പിച്ചാണ് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്ന ആക്ഷേപമടങ്ങുന്ന പരാതി, വൈസ് ചാൻസലറുടെ പരിശോധനക്ക് ഗവർണർ കൈമാറി. ഡോ. ജലീലിന്റെ പ്രബന്ധം വിദഗ്ധസമിതിയെക്കൊണ്ട് പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയിട്ടുള്ളത്.

ഗവേഷകനായ മന്ത്രിയുടെതായ സ്വന്തം കുറിപ്പുകളിലാകെ വ്യാകരണപ്പിശകുകളുടെ കൂമ്പാരമാണെന്ന് പരാതിയിൽ പറഞ്ഞു. ഡോക്ടറേറ്റ് പ്രബന്ധത്തിൽ ഗവേഷകന്റെ മൗലികസംഭാവനകൾ ഇല്ലെന്നും അക്കാദമിക വിദഗ്ധരുടെ പാനലിനെക്കൊണ്ട് ഇത് പുനർമൂല്യനിർണയം ചെയ്യിക്കണമെന്നുമാണ് ആവശ്യം.

പരാതി ഗവർണർക്ക് നൽകുന്നതിനു മുൻപ് ക്യാമ്പയിൻ കമ്മിറ്റി നിയോഗിച്ച ഒരു വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറയുന്നു. വാരിയംകുന്നൻ അടുത്തകാലത്ത്ചർച്ചവിഷയമായതിനെത്തുടർന്ന് മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയിൽപ്പെട്ടതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

പ്രബന്ധങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട യുജിസി യുടെ പൊതുസൈറ്റിൽ ജലീലിന്റെ പ്രബന്ധം ഇല്ല. അതിനാൽ, വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രബന്ധത്തിന്റെ പകർപ്പ് ലഭ്യമാക്കിയാണ് പരിശോധന നടത്തിയതെന്നും കമ്മിറ്റി അറിയിച്ചു.

മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ചു തയ്യാറാക്കിയ ഗവേഷണ പ്രബന്ധമാണ് ഡോ. ജലീലിന്റേത്. കേരള സർവകലാശാലയിൽ നിന്ന് 2006 ലാണ് ഡോക്ടറേറ്റ് നേടിയത്. സിൻഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവിലാണ് ഡോക്ടറേറ്റ് സമ്മാനിച്ചതെന്ന ആക്ഷേപവും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉയർത്തിയിട്ടുണ്ട്. വൈസ് ചാൻസലർ ആയിരുന്ന ഡോ.എം.കെ രാമചന്ദ്രൻ നായർ പ്രത്യേകാധികാരം ഉപയോഗിച്ചാണ് ജലീലിന് ഡോക്ടറേറ്റ് നൽകിയതെന്നും പരാതിയിൽ പറഞ്ഞു.

ഗവേഷണഫലം സാധൂകരിക്കാൻ ജലീൽ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തതാണെന്ന് പരാതിയിൽ ആക്ഷേപിക്കുന്നു. ഇവയ്ക്ക് വേണ്ട സൂചികകൾ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകർത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാൻ ഉദ്ധരണികൾ വളച്ചൊടിച്ച് കാണിച്ചിരിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. മൂലഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണികൾക്ക് പകരം പലതവണ പകർപ്പിന് വിധേയമായവയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുള്ള അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ് പ്രബന്ധം.

പ്രബന്ധത്തിൽ മൗലിക സംഭാവനകൾ ഒന്നുമില്ലെന്ന ആക്ഷേപത്തിന് ബലം നൽകുന്ന ഉദാഹരണങ്ങളും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും മുൻനിര നേതാക്കളായിരുന്നവരെക്കുറിച്ചു് പുതുതായി ഒരു ഗവേഷണപഠനവും നടത്തിയിട്ടില്ല.

പ്രബന്ധത്തിലെ 302 ഖണ്ഡികകളിലായി 622 ഉദ്ധരണികളാണ് കുത്തിനിറച്ചിരിക്കുന്നത്. അതിൽനിന്ന് ഗവേഷകൻ സ്വന്തമായി എന്താണ് സമർത്ഥിക്കുന്നതെതെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം എന്തെങ്കിലും സ്വന്തമായി പറഞ്ഞിട്ടുള്ള ആദ്യ അധ്യായത്തിലും അവസാന അദ്ധ്യായത്തിലുമുള്ള അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഗവർണർക്ക് നൽകിയ പരാതിയിൽ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. വാചകങ്ങൾ നേരായ ഘടനയിലല്ല. പ്രയോഗങ്ങളും ശൈലികളും കേട്ടുകേൾവിയില്ലാത്തതും അബദ്ധ ജടിലവുമാണ്. ഈ പ്രബന്ധം സർവകലാശാലയ്ക്കും അക്കാദമിക ലോകത്തിനും അപമാനമാണ് – പരാതിയിൽ പറയുന്നു.

ഡോ. ബി. ഇക്ബാൽ വൈസ് ചാൻസലർ ആയിരുന്നപ്പോഴാണ് ഡോ. ജലീൽ കേരള സർവകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തതെങ്കിലും ഗവേഷണം തുടരാത്ത തുകൊണ്ട് രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. തുടർന്ന് അനധികൃത അസിസ്റ്റന്റ് നിയമന കേസിൽ പ്രതിയായ ഡോ. രാമചന്ദ്രൻ നായർ വി.സിയായ ഉടനെ റദ്ദാക്കിയ രജിസ്‌ട്രേഷൻ വീണ്ടും അനുവദിച്ചു. സിണ്ടിക്കേറ്റ് നിലവിലി ല്ലായിരുന്നപ്പോൾ മൂല്യനിർണയം നടത്തി ഡോക്ടറേറ്റ് സമ്മാനിച്ചു. ഇവ ദുരൂഹമാണ് – സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും, സെക്രട്ടറി എം. ഷാജർഖാനും പ്രസ്താവനയിൽ ആരോപിച്ചു.

Photo courtesy: The News Minute

Leave a Reply